ജില്ലയിൽ എലിപ്പനിയും അതിനോടനുബന്ധിച്ചുള്ള മരണവും വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ (ആര്യോഗ്യം) അറിയിച്ചു. എലികളുടെ മലമൂത്ര വിസർജനത്തിലൂടെ പുറത്തുവരുന്ന ലെപ്‌റ്റോ സ്‌പൈറ എന്ന രോഗാണുവാണ് എലിപ്പനിക്ക് കാരണം. രോഗാണുവാഹകരായ എലിയുടെ വിസർജനത്താൽ മലിനമായ മണ്ണ്, വെള്ളം എന്നിവയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരിലും മലിനമായ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നവരിലും രോഗം ഉണ്ടാവുന്നു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ തോട്ടം, ഫാം എന്നിവിടങ്ങളിലെ തൊഴിലാളികൾ, പാടത്തും പറമ്പിലും ജോലി ചെയ്യുന്നവർ, കന്നുകാലിയെ വളർത്തുന്നവർ, തൊഴിലുറപ്പു തൊഴിലാളികൾ, വെള്ളത്തിലിറങ്ങി മത്സ്യം പിടിക്കുന്നവർ എന്നിവരിൽ രോഗം പിടിപ്പെടാനുള്ള സാധ്യത കൂടുതലാണ്. എലിപ്പനി പിടിപെടാൻ സാധ്യതയുള്ള ജോലി ചെയ്യുന്നവർ ആഴ്ചയിൽ ഒരിക്കൽവീതം എലിപ്പനി രോഗ പ്രതിരോധ ഗുളികയായ ഡോക്‌സി സൈക്ലിൻ കഴിക്കണം.
 
രോഗ ലക്ഷണങ്ങൾ
ശക്തമായ പനി, തലവേദന, ശരീരവേദന, പേശീവേദന, കണ്ണിനുണ്ടാവുന്ന നിറവ്യത്യാസം, മൂത്രത്തിലെ മഞ്ഞ നിറം, മൂത്രത്തിന്റെ അളവ് കുറയുക, ചർദ്ദി, മഞ്ഞപിത്ത ലക്ഷണങ്ങൾ എന്നിവയാണ് രോഗ ലക്ഷണങ്ങൾ. ലക്ഷണം ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി ആശുപത്രിയിൽ ചികിത്സതേടണം.  കൈകാലുകളിൽ മുറിവുള്ളവർ കഴിവതും രോഗവ്യാപന സാധ്യതയുള്ള സ്ഥലങ്ങളിൽ ഇറങ്ങാതിരിക്കുക. ജോലിക്കിറങ്ങുമ്പോൾ കൈയ്യുറ, കാലുറ എന്നിവ ധരിക്കുക. മലിനമായ വെള്ളത്തിൽ കുളിക്കുന്നതും കൈ, കാൽ, മുഖം, വായ എന്നിവ കഴുകുന്നതും ഒഴിവാക്കി വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. എലികളെ നശിപ്പിക്കുകയും ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നത് ഒഴിവാക്കുകയും വേണമെന്ന് ഡിഎംഒ ഡോ. കെ നാരായണ നായ്ക് അറിയിച്ചു.