ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിൽ ലഹരി വിരുദ്ധ കിറ്റി ഷോ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ലഹരി മുക്ത കേരളം തീവ്രയജ്ഞം പരിപാടിയുടെ ഭാഗമായാണ് ഗോത്ര പൈതൃക ഗ്രാമത്തിൽ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചത്.

ലഹരിയുടെ ദൂഷ്യ വശങ്ങൾക്കെതിരെ ഗോത്ര പൈതൃക ഗ്രാമത്തിലൂടെ വിനോദ് നരനാട്ട് നടത്തിയ കിറ്റി ഷോ സഞ്ചാരികളിൽ കൗതുകവും ഒപ്പം അവബോധവും പകർന്നു. നാശത്തിന്റെ വഴികളിലേക്ക് നടന്ന് കയറരുതെന്നും ലഹരി ജീവിതത്തോടാവണമെന്നും കിറ്റി എന്ന കുരങ്ങ് പാവ സഞ്ചാരികളെ ഓർമ്മപ്പെടുത്തി. സഞ്ചാരികളോട് വിശേഷങ്ങൾ പങ്കുവെച്ചും നർമ്മം വിതറിയുമായിരുന്നു ബോധവത്കരണം. ലഹരിയുടെ ദൂഷ്യ വശങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്താൻ സഞ്ചാരികളുടെ ഇതര ഭാഷയൊന്നും കിറ്റിക്ക് തടസമായില്ല. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച ലഹരി മുക്തി നാടിന് ശക്തി കൈപ്പുസ്തകവും സഞ്ചാരികൾക്ക് വിതരണം ചെയ്തു.

മജീഷ്യനായ വിനോദ് നരനാട്ട് 1990മുതൽ കിറ്റി എന്ന പേരുള്ള സംസാരിക്കുന്ന കുരങ്ങുപാവയുമായി സാമൂഹ്യ ബോധവത്കരണ പരിപാടികൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരു കളുടെ വിവിധ വകുപ്പുകൾക്കുവേണ്ടി വിവിധ വിഷയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിലുള്ള എൻ ഊരിലെ ലഹരി വിരുദ്ധ ക്യാമ്പെയിന് ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, അസിസ്റ്റന്റ് എഡിറ്റർ ജിനീഷ് ഇ.പി, എൻ ഊര് സി.ഇ.ഒ. ശ്യാം പ്രസാദ് നേതൃത്വം നൽകി.