പേരാമ്പ്ര കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ ‘ഹയർ ആൻഡ് ട്രെയിൻ’ മാതൃകയിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു. ഗ്രാമീണ മേഖലകളിലെ തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് പുതിയ കോഴ്സുകളും പരിശീലന പദ്ധതികളും സംഘടിപ്പിക്കുന്നത്.

പേരാമ്പ്ര കരിയർ ഡെവലപ്പ്മെന്റ് സെന്ററും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും സംയുക്തമായി ജില്ലയിൽ ആദ്യമായാണ് ‘ഹയർ ആൻഡ് ട്രെയിൻ’ മാതൃകയിൽ തൊഴിൽ പരിശീലന കോഴ്‌സുകൾ ആരംഭിക്കുന്നത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ബി.കോം, എം.കോം, ബി.ബി.എ, എം.ബി.എ ബിരുദധാരികൾക്കും, അവസാനവർഷ വിദ്യാർത്ഥികൾക്കുമുള്ള ‘എൻറോൾഡ് ഏജൻ്റ് ‘കോഴ്സിന്റെ പരിശീലനമാണ് ആരംഭിക്കുക.

നാലുമാസത്തോളമുള്ള പരിശീലന പദ്ധതിയിലൂടെ വിദ്യാർത്ഥികളെ അമേരിക്കൻ ഇൻ്റേണൽ റവന്യൂ സർവ്വീസ് നടത്തുന്ന സ്‌പെഷ്യൽ എൻറോൾമെൻറ് പരീക്ഷക്ക്‌ പ്രാപ്തരാക്കും. കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് സർട്ടിഫിക്കറ്റ് നേടുന്ന വിദ്യാർത്ഥികൾ യു.എസ്സിലെ നികുതിദായകരെ പ്രതിനിധീകരിച്ച് നികുതി റിട്ടേണുകൾ ഫയൽ ചെയ്യാൻ അധികാരമുള്ളവരായി മാറും. ‘എൻറോൾഡ് ഏജൻ്റ് ‘ യു.എസ് ടാക്സേഷൻ രംഗത്ത് ഉയർന്ന ജോലിയും പ്രതിഫലവും ഉറപ്പ് നൽകുന്ന കോഴ്സാണ്.

തൊഴിലിലേക്ക് തെരഞ്ഞെടുത്ത ശേഷം, പരിശീലനവും ജോലിയും നൽകുന്ന ‘ഹയർ ആൻഡ് ട്രെയിൻ’ എന്ന മാതൃകയിലാണ് കോഴ്‌സുകൾ വിഭാവന ചെയ്തിരിക്കുന്നത്. ബി.കോം, എം.കോം ബിരുദധാരികൾക്കൊപ്പം ബി.ബി.എ, എം.ബി.എ ബിരുദമുള്ളവർക്കും, ഈ കോഴ്‌സുകളിലെ അവസാന വർഷ വിദ്യാർത്ഥികൾക്കും പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം. കോഴ്സിന് ചേരാനുള്ള ഉയർന്ന പ്രായ പരിധി 28 വയസാണ്.

പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഉടനടി ജോലി ലഭ്യമാക്കും. കോഴ്‌സിന്റെ ആദ്യ ബാച്ചുകളുടെ പരിശീലനമാണ് പേരാമ്പ്ര കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ ആരംഭിക്കുക. പ്രാഥമിക പരീക്ഷയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് തുടക്കത്തിൽ തന്നെ ജോലിക്കായുള്ള കണ്ടീഷണൽ ഓഫർ ലെറ്ററും നൽകും.

പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നതിനായി പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്പ്മെന്റ് സെന്ററിൽ ഒക്ടോബർ 15- ന് ഉദ്യോ​ഗാർത്ഥികൾക്കായി സ്കിൽ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിക്കും.

താല്പര്യമുള്ളവർ സി.ഡി.സിയുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂ‌ടുതൽ വിവരങ്ങൾക്ക് 0496 2615500 എന്ന നമ്പറിലോ, cdc.perambra@gmail.com മെയിൽ ഐഡിയിലോ ബന്ധപ്പെടാം.