പ്രീമിയം ബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റ് ആരംഭിച്ചത് എസ്.എന്‍ ജംങ്ഷന്‍ മെട്രോ സ്റ്റേഷനില്‍

കുടുംബശ്രീയും കൊച്ചി മെട്രോയുമായി സഹകരിച്ച് തൃപ്പൂണിത്തുറ എസ്.എന്‍ ജംങ്ഷന്‍ മെട്രോ സ്റ്റേഷനില്‍ ആരംഭിച്ച കുടുംബശ്രീ പ്രീമിയം ബാസ്‌ക്കറ്റ് ഔട്ട്‌ലെറ്റ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭങ്ങളുടെ പ്രീമിയം ഉത്പന്നങ്ങളും ജോയിന്റ് ലയബലിറ്റി ഗ്രൂപ്പുകളുടെ (ജെഎല്‍ജി) പച്ചക്കറിയും വില്‍ക്കുന്നതിനാണ് പ്രീമിയം ബാസ്‌ക്കറ്റ് ആരംഭിച്ചത്.

കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളുടെ എറണാകുളത്തെയും മറ്റ് ജില്ലകളിലെയും പ്രീമിയം ഉത്പന്നങ്ങളും ജെഎല്‍ജി ഗ്രൂപ്പുകളുടെ പച്ചക്കറിയും കട്ട് വെജിറ്റബിളുമാണ് പ്രീമിയം ബാസ്‌ക്കറ്റില്‍ ലഭിക്കുക. ചായ, കോഫി, സ്നാക്സ്, കൂള്‍ ഡ്രിങ്ക്സ്, സ്‌ക്വാഷ്, അച്ചാറുകള്‍, പുട്ടുപൊടി തുടങ്ങി കുടുംബശ്രീയുടെ വിവിധ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭിക്കും.

എസ്.എന്‍ ജംങ്ഷന്‍ മെട്രോ സ്റ്റേഷനില്‍ 600 ചതുരശ്ര അടിയില്‍ 14 ലക്ഷം രൂപ ചെലവിലാണു പദ്ധതി പൂര്‍ത്തീയാക്കിയത്. കാക്കനാട് നിര്‍മിതി കേന്ദ്രമാണ് ഔട്ട്‌ലെറ്റ് നിര്‍മിച്ചത്.

ഉദ്ഘാടന ചടങ്ങില്‍ കെ.ബാബു എംഎല്‍എ, തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സന്‍ രമ സന്തോഷ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക്, കെ.എം.ആര്‍.എല്‍ എം.ഡി ലോകനാഥ് ബെഹ്റ, ഫോര്‍ട്ട്കൊച്ചി സബ് കളക്ടര്‍ പി. വിഷ്ണുരാജ്, ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍ രാജേഷ്, തൃപ്പൂണിത്തുറ നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ റോജ, കുടുംബശ്രീ മാര്‍ക്കറ്റിംഗ് പ്രോഗ്രാം ഓഫീസര്‍ എസ്. ശ്രീകാന്ത്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.ബി പ്രീതി പങ്കെടുത്തു.