പൂര്‍ണ്ണമായും കടലാസ് രഹിത ഓഫീസ് സംവിധാനത്തില്‍ ഒ പി പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് മൃഗാശുപത്രിയായി പുല്‍പ്പള്ളി മൃഗാശുപത്രി ശ്രദ്ധനേടുന്നു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായാണ് മൃഗാശുപത്രിയും പുതിയ സംവിധാനത്തിലേക്ക് മാറുന്നത്. ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ ആദ്യത്തെ ഇ ഡിജിറ്റല്‍ സേവനം ഒരുക്കിയ മൃഗാശുപത്രിയാണിത്.
ഒ.പി സംവിധാനം, വൈദ്യപരിശോധന, മരുന്നു വിതരണം എന്നീ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും കടലാസ് രഹിത ഡിജിറ്റല്‍ സംവിധാനത്തിലാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വളര്‍ത്തു മൃഗങ്ങള്‍ക്ക് ചികിത്സയും അനുബന്ധ സേവനങ്ങളും സമയബന്ധിതമായി നല്‍കുന്നതിന്റെ ഭാഗമായി 2021-2022 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ നൂതന പദ്ധതി ആവിഷ്‌കരിച്ചത്. മൃഗാശുപത്രിയിലെ ജീവനക്കാര്‍ക്ക് അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സോഫ്റ്റ്വെയറാണ് ഇവിടെ തയ്യാറാക്കിയത്.

ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് മൊബൈല്‍ നമ്പര്‍ മാത്രം നല്‍കി ഒ.പി രജിസ്‌ട്രേഷന്‍ നടത്താം. ഒ.പിയില്‍ എത്തുന്ന കര്‍ഷകര്‍ക്കും ഓഫീസിലെ ജീവനക്കാര്‍ക്കും ഒരുപോലെ സമയലാഭവും സഹായകരവുമായ രീതിയിലാണ് ആശുപത്രി മാനേജ്‌മെന്റ് സോഫ്റ്റ്വെയര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മരുന്നുകളുടെ കൃത്യമായ വിനിയോഗം രേഖപ്പെടുത്തുന്നതിന് ഇ- ആശുപത്രി സോഫ്റ്റ്വെയര്‍ അനുയോജ്യമാണെന്ന് മൃഗാശുപത്രി ജീവനക്കാര്‍ പറയുന്നു. കര്‍ഷകര്‍ക്കായുള്ള സേവനങ്ങള്‍ സുതാര്യമായ രീതിയില്‍ ഏകോപിപ്പിക്കാനും ഇതു വഴി കഴിയുന്നു.