2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ കണ്ണൂർ ജില്ലയിലെ ബാങ്കുകൾ വായ്പയായി വിതരണം ചെയ്തത് 5481 കോടി രൂപ. കാർഷിക മേഖലയിൽ 1898 കോടിയും എം എസ് എം ഇ മേഖലയിൽ 1124 കോടി രൂപയും വിതരണം ചെയ്തു. ജില്ലയിലെ ബാങ്കുകളുടെ ആകെ നിക്ഷേപം 56568 കോടിയും വായ്പ തുക 37372 കോടി രൂപയുമാണ്. 66 ശതമാനമാണ് വായ്പ നിക്ഷേപ അനുപാതം. 
മുദ്ര സ്‌കീമിൽ സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ 7288 ഗുണഭോക്താക്കൾക്കായി 94 കോടി രൂപ വിതരണം ചെയ്തു. വിദ്യാഭ്യാസ വായ്പയായി 1509 പേർക്ക് 29 കോടിയും ഭവന വായ്പയായി 5591 അക്കൗണ്ടുകളിലായി 264 കോടിയും ജില്ലയിലെ എല്ലാ ബാങ്കുകളും ചേർന്ന് വിതരണം ചെയ്തു.
ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ കാനറാ ബാങ്ക് ഹാളിൽ ചേർന്ന ജില്ലാതല അവലോകന യോഗം എ ഡി എം കെ കെ ദിവാകരൻ ഉദ്ഘാടനം ചെയ്തു. മുദ്രാവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ നൽകുന്നതിൽ ബാങ്കുകൾ കൂടുതൽ ശ്രദ്ധ കാണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കനറാ ബാങ്ക് റീജ്യണൽ മേധാവി എ യു രാജേഷ് മുഖ്യപ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജർ ടി എം രാജ്കുമാർ, ആർബിഐ പ്രതിനിധി പി അശോക്, നബാർഡ് ഡിഡിഎം ജിഷി മോൻ എന്നിവർ സംസാരിച്ചു.