ജലജീവന്‍ മിഷൻ പദ്ധതിയുടെ ഭാഗമായി ധർമ്മടം, കല്യാശ്ശേരി മണ്ഡലങ്ങളിലെ പ്രവൃത്തി ഭൂരിഭാഗം പൂർത്തിയായതായി ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ . ജില്ലയിലെ ജലജീവന്‍ മിഷന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അറിയിച്ചത്. മറ്റ് മണ്ഡലങ്ങളിലെ വിവിധ പഞ്ചായത്തുകളിൽ ജലവിതരണ ടാങ്കുകൾ നിർമ്മിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്ഥലം ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റിക്ക് നല്‍കുന്ന പ്രവര്‍ത്തനം വേഗത്തിലാക്കണം. പദ്ധതിക്കാവശ്യമായ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ റോഡ് കീറാനുള്ള അനുമതി ലഭിച്ചിട്ടില്ലാത്ത പഞ്ചായത്തുകൾ എത്രയും വേഗം അതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും യോഗത്തിൽ കലക്ടർ അറിയിച്ചു. അതിനായി പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം ചേരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ പറഞ്ഞു. നിലവിൽ ചെറുകുന്ന്, കല്യാശ്ശേരി, കണ്ണപുരം, മാട്ടൂൽ, രാമന്തളി, മുഴപ്പിലങ്ങാട്, പിണറായി, കതിരൂർ എന്നീ പഞ്ചായത്തുകളിൽ ജലജീവന്‍ മിഷന്റെ പദ്ധതി പൂർത്തിയായിട്ടുണ്ട്. ജില്ലയിൽ ആകെ 362218 കണക്ഷനുകൾക്കുള്ള ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിൽ 278270 കണക്ഷനുകൾക്ക് സാങ്കേതിക അനുമതിയും ലഭിച്ചു. 24000 കണക്ഷനുകൾക്ക് ഈ മാസം സാങ്കേതിക അനുമതി നൽകാനാവുമെന്ന് കണ്ണൂർ വാട്ടർ സപ്ലൈ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ സുധീപ് അറിയിച്ചു. കലക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ, ജില്ലാ ഫോറസ്റ്റ് ഓഫീസർ പി കാർത്തിക്, ഐടിഡിപി ജൂനിയർ സൂപ്രണ്ട് ടി കെ സജിത്ത്, വാട്ടർ സപ്ലൈ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ കെ സുധീപ്, വാട്ടർ അതോറിറ്റി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.