ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സമൂഹത്തിലെ പാർശ്വവൽക്കക്കപ്പെട്ട ജനവിഭാഗത്തിനൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി. സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ നവീകരിച്ച പട്ടിക ജാതി വികസന വകുപ്പിന്റെ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. എസ്.എസ്.എൽ.സി, പ്ലസ് ടൂ, എൻട്രൻസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ പട്ടികജാതി വിദ്യാർത്ഥികളെ എം.പി ആദരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടിക ജാതി വികസന ഓഫിസിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി രണ്ടാഴ്ച നീളുന്ന വിവിധങ്ങളായ പരിപാടികളാണ് ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി നടന്നുവരുന്നത്. സാമൂഹ്യ ഐക്യദാർഢ്യ ദീപം തെളിയിക്കൽ, പട്ടികജാതി കോളനികളുടെ ശുചീകരണ പ്രവർത്തനങ്ങൾ, മെഡിക്കൽ ക്യാമ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ പദ്ധതിയിൽ ഉൾപ്പെടുന്നു.
ബ്ലോക്കിലെ ആറ് പഞ്ചായത്തുകളിലെ ഓരോ കോളനികൾ വീതമാണ് പഞ്ചായത്തിന്റെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും ഹരിതകർമ്മ സേന അംഗങ്ങളുടെയും നേതൃത്വത്തിൽ ശുചീകരിക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരായ കെ.ആർ ഷൈലകുമാർ, ബി.എൽ. സെബാസ്റ്റ്യൻ, കെ.ബി രമ, സുകന്യ സുകുമാരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുഷമ സന്തോഷ്, വീണ അജി, ടി വി പുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എ തങ്കച്ചൻ, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജസീല നവാസ്, എം.കെ ശീമോൻ, സുലോചന പ്രഭാകരൻ, സുജാത മധു, എസ് മനോജ് കുമാർ, എം.കെ റാണിമോൾ, ഒ എം ഉദയപ്പൻ, ജില്ലാ പട്ടിക ജാതി വികസന ഓഫിസർ എം.എസ് സുനിൽ, വൈക്കം ബിഡിഒ കെ അജിത്ത്, വൈക്കം ബ്ലോക്ക് എസ്. സി ഡെവലപ്മെന്റ് ഓഫീസർ ഡി.എൽ ബെയ്‌സി അലക്സ് എന്നിവർ പങ്കെടുത്തു.