നരിപ്പറ്റ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ സുദൃഢം പദ്ധതിയുടെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. കുടുംബശ്രീ യൂണിറ്റുകളെ സജീവമാക്കുക, പുതിയ കുടുംബശ്രീ യൂണിറ്റുകൾ രൂപീകരിക്കുക, കുടുംബശ്രീയില്‍ ഇതുവരെ അംഗമാകാത്തവർക്ക് അവസരം നൽകുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ച് കുടുംബശ്രീ മിഷൻ ആവിഷ്കരിച്ച പദ്ധതിയാണ് സുദൃഢം.

പദ്ധതി മുഖേന പട്ടികവർഗ, ന്യൂനപക്ഷ, തീരദേശ മേഖലകൾ കേന്ദ്രീകരിച്ച് സമ്പൂർണ അയൽക്കൂട്ട പ്രവേശനം ഉറപ്പാക്കും.  ട്രാൻസ്ജെൻഡർ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവരെ കണ്ടെത്തി പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കും. ഇവർക്കായി പ്രത്യേക ആരോഗ്യ ക്യാമ്പുകൾ, ഇൻഷൂറൻസ് പരിരക്ഷ എന്നിവ ഉറപ്പാക്കും.

പഞ്ചായത്ത് പരിസരത്ത് നിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് ബീന കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളും റാലിയിൽ പങ്കെടുത്തു. ചടങ്ങിൽ സി ഡി എസ് ചെയർപേഴ്സൺ സജിന സ്വാഗതം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.