നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്ത്.

എ.ബി.സി.ഡി പദ്ധതി പ്രകാരം മുഴുവന്‍ പട്ടികവര്‍ഗക്കാര്‍ക്കും രേഖകള്‍ ലഭ്യമാക്കി ഡിജിറ്റലായി സൂക്ഷിക്കുന്നതില്‍ നൂറ് ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്തായി തൊണ്ടർനാടിനെ മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചു. അനുമോദന പത്രം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് അംബിക ഷാജിയും ഭരണസമിതി അംഗങ്ങളും മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. പദ്ധതി 100 ശതമാനം പൂര്‍ത്തീകരിച്ച വൈത്തിരി ഗ്രാമ പഞ്ചായത്തിനുളള അനുമോദന പത്രം വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം ബി വിജേഷും ഭരണസമിതി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി. തൊണ്ടാര്‍നാട്-3616 പേർക്കും വൈത്തിരി- 1543 പേർക്കുമാണ് പദ്ധതിയിലൂടെ രേഖകള്‍ ലഭ്യമായത്.
ജില്ലയിലെ 6 പഞ്ചായത്തുകളിലായി നടന്ന ക്യാമ്പിലൂടെ ഇതുവരെ 16,000 പേര്‍ക്ക് സേവനം ലഭിച്ചിട്ടുണ്ട്. വിവിധ വിഭാഗത്തില്‍പ്പെട്ട 24,794 സേവനങ്ങളാണ് ക്യാമ്പുകളിലൂടെ നല്‍കിയത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി വന്‍വിജയമായതോടെ മറ്റ് പഞ്ചായത്തുകളിലേക്കും വ്യാപിപ്പിച്ചത്. പ്രത്യേകം സജ്ജീകരിച്ച കൗണ്ടറുകളിലൂടെയാണ് ക്യാമ്പുകളില്‍ സേവനം ലഭ്യമാക്കുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, നഷ്ടപ്പെട്ട ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ആധികാരിക രേഖകളാണ് സേവന കൗണ്ടറുകളിലൂടെ ലഭ്യമാക്കുക. വിവിധ കാരണങ്ങളാല്‍ രേഖകള്‍ ഇല്ലാത്തവര്‍ക്കും നഷ്ടപ്പെട്ടവര്‍ക്കും വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെവരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ക്യാമ്പിന്റെ ലക്ഷ്യം.