ഡിജിറ്റലി കണക്ടഡ് ട്രൈബല്‍ കോളനീസ് പദ്ധതിയിൽ ജില്ലയിലെ 49 സാമൂഹ്യ പഠന കേന്ദ്രങ്ങൾ സ്മാർട്ടാകും. വയനാട് ജില്ലയിൽ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ പട്ടിക വർഗ്ഗക്കാരുടെ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും തൊഴിലിനുമാണ് പ്രാധാന്യം നൽകുന്നത്. 9 കോടിയോളം രൂപയാണ് പദ്ധതിക്കായി ചെലവിടുക . കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയവും പട്ടികവര്‍ഗ വകുപ്പും സി-ഡാക്കും സംയുക്തമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സഹായത്തോടെ വിദ്യാഭ്യാസം, ആരോഗ്യാവബോധം, രോഗനിര്‍ണ്ണയം എന്നിവയ്ക്ക് സഹായകരമാകുന്ന സംവിധാനങ്ങൾ സാമൂഹ്യ പഠന കേന്ദ്രങ്ങളിൽ ഒരുക്കും. റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്ത്താല്‍മോളജി തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ സഹകരണവും ഈ വിവിധോദേശ്യ പദ്ധതിക്കുണ്ട്.

സാമൂഹ്യ പഠന മുറികളെ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐസിടി എനേബിൾഡ് കമ്മ്യൂണിറ്റി സെൻറർ നിലവാരത്തിലേക്ക് മാറ്റി ടെലി – എജ്യുക്കേഷന്‍, ഇ – ലിറ്ററസി എന്നിവയും സാധ്യമാകും. പട്ടിക വര്‍ഗ്ഗ മേഖലയിലെ നോണ്‍ കമ്മ്യൂണിക്കബിള്‍ രോഗങ്ങളുടെ സ്‌ക്രീനിംഗും ഡയബറ്റിക് റെറ്റിനോപ്പതി, ഓറല്‍ ക്യാന്‍സര്‍, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കണ്ടെത്തി ചികില്‍സയ്ക്ക് വിദഗ്ധ ഉപദേശം ലഭ്യമാക്കുന്നതിനുളള ടെലി മെഡിസിന്‍ സംവിധാനവും സജ്ജീകരിക്കും. പട്ടികവർഗ്ഗക്കാരിൽ നിന്നുള്ള പരിശീലനം നേടിയ നേഴ്സു മാരുടെ നേതൃത്വത്തിലാണ് സേവനങ്ങൾ നൽകുക. ഇവർ ഊരുകളിലെത്തി സാങ്കേതിക വിദ്യയുടെ സഹായത്തോടെ രോഗനിർണയം നടത്തുകയും ചികിത്സ ഉറപ്പാക്കുകയുമാണ് ചെയ്യുക.