നാടിന്റെ വെളിച്ചം കെടുത്തുന്ന ലഹരിയെന്ന വിപത്തിനെതിരെ അണിനിരന്ന് കൗമാരപ്പട

ജീവിതമാണ് ലഹരി എന്ന സന്ദേശമുയർത്തി ചടുല നൃത്തങ്ങളാലും തെരുവ് നാടകാവതരണം കൊണ്ടും ശക്തൻ സ്റ്റാന്റിലെ ജനങ്ങളിലേയ്ക്ക് ഇറങ്ങി വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാരിന്റെ ലഹരി മുക്ത ക്യാമ്പയിന്റെ ഭാഗമായി നാഷണൽ സർവീസ് സ്കീം, എക്സൈസ് വകുപ്പ്, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവ സംയുക്തമായി ശക്തൻ സ്റ്റാന്റിലാണ് തെരുവ് നാടകവും ഫ്ളാഷ് മോബും സംഘടിപ്പിച്ചത്. ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ, എരുമപ്പെട്ടി ഹയർ സെക്കന്ററി സ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളിലെ എൻഎസ്എസ് വൊളന്റിയർമാരാണ് ലഹരിക്കെതിരെയുള്ള നവകേരള മുന്നേറ്റത്തിന്റെ ഭാഗമായത്.

കൈകളിലേന്തിയ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായാണ് ലഹരി എന്ന വിപത്തിനെതിരെ വിദ്യാർത്ഥികൾ അണിനിരന്നത്. സാമൂഹ്യ ജീവിതത്തിൽ വന്ന് ചേരുന്ന ലഹരിയുടെ പ്രലോഭനങ്ങളും കുടുംബ ജീവിതത്തിലെ തകർച്ചയും മുഖ്യ വിഷയമാക്കി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് വൊളന്റിയേഴ്സ് അവതരിപ്പിച്ച “വിമുക്തി’ തെരുവ് നാടകവും ശ്രദ്ധേയമായി.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, കാലിക്കറ്റ് സർവകലാശാല ജില്ലാ എൻഎസ്എസ് കോർഡിനേറ്റർ ഡോ. ടി വി ബിനു, കാർഷിക സർവകലാശാല എൻഎസ്എസ് പ്രോഗ്രാം കോർഡിനേറ്റർ ഇ ജി രഞ്ജിത്ത് കുമാർ, കാർഷിക സർവകലാശാല എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി സന്തോഷ്, ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജിൻസി എസ് ആർ എന്നിവർ പരിപാടിയുടെ ഭാഗമായി.