പട്ടികജാതി-പട്ടികവർഗ കുടുംബങ്ങൾക്ക് വഴി നടക്കാനുളള അവകാശം സ്ഥാപിച്ചു കിട്ടുന്നതിന് അടിയന്തരമായി നിയമനിർമാണം വേണമെന്ന് പട്ടികജാതി-പട്ടിക ഗോത്രവർഗ കമ്മീഷൻ ചെയർമാൻ ബി.എസ്. മാവോജി. കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന കമ്മിഷൻ സിറ്റിംഗിൽ പങ്കെടുത്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടികജാതി-പട്ടിക ഗോത്രവർഗ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ വഴിയും വഴി നടക്കാനുളള അവകാശവും നിഷേധിക്കുന്നതും അതിർത്തി തർക്കവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രേഖകളുടെ അഭാവം മൂലവും ഇത്തരം കേസുകൾ കോടതി വഴി മാത്രമേ തീർപ്പുകൽപ്പിക്കാനാവൂ എന്നതും ഈ വിഭാഗത്തിൽപ്പെട്ടവർക്ക് തിരിച്ചടിയാകുന്നുണ്ട്. ഇതു സംബന്ധിച്ച് നിയമനിർമ്മാണം നടത്തണമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും കമ്മീഷൻ പറഞ്ഞു. കീഴമ്പാറയിൽ അയൽവാസികൾ വളർത്തുമൃഗങ്ങളെ കൊന്നതായുള്ള സ്ത്രീയുടെ പരാതിയും കമ്മീഷൻ പരിഗണിച്ചു. പഞ്ചായത്ത് പട്ടികവർഗവിഭാഗത്തിനായി അനുവദിച്ച പത്തോളം ആടുകളെ കൊന്നതായാണ് പരാതി. ഇത്തരം നടപടികൾ ഏറെ ഖേദകരമാണെന്ന് കമ്മീഷൻ അറിയിച്ചു. ഇതു സംബന്ധിച്ച് പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി.

അദാലത്ത് ഇന്നും (ഒക്‌ടോബർ 22 ശനി) തുടരും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ, എ.ഡി.എം ജിനു പുന്നൂസ്, കമ്മീഷനംഗം അഡ്വ. സൗമ്യ സോമൻ, എന്നിവർ പങ്കെടുത്തു.