കുടുംബശ്രീ മിഷൻ വയനാട് തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാട്ടിക്കുളത്ത് ‘ഒന്തു ഓറ’ ഏകദിന ക്യാമ്പ് നടത്തി. കോഴിക്കോട് ലേക് ഷോർ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെയാണ് ആദിവാസി മേഖലയിലെ കൗമാരക്കാരായ കുട്ടികൾക്ക് കാട്ടുനായ്ക്ക ഭാഷയിൽ ‘ഒരാഴ്ച’ എന്ന് അർത്ഥം വരുന്ന ഒന്തു ഓറ ഏകദിന ക്യാമ്പ് നടത്തിയത്. ക്യാമ്പ് തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ പി. സൗമിനി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി മുഖ്യ പ്രഭാഷണം നടത്തി. ക്യാമ്പിൽ എഴുതുകാരിയും സാമൂഹിക പ്രവർത്തകയുമായ ഡോ. ഖദീജ മുംതാസ്, ലേക്ക് ഷോർ ഹോസ്പിറ്റൽ ഡോക്ടർമാരായ ഡോ. ഹാരിസ്, അജയ് കുമാർ, ഡോ. ഫിദ എന്നിവരുടെ നേതൃത്വത്തിൽ കൗമാര കാലഘട്ടത്തിൽ ശാരീരിക മാനസിക മാറ്റങ്ങൾ, കൗമാരക്കാരായ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും വെല്ലുവിളികളും അവയെ തരണം ചെയ്യുവാനുള്ള മുൻകരുതലുകൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി ക്ലാസുകൾ നടത്തി.

കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾക്കെതിരെ വേണ്ട വിധത്തിലുള്ള മുൻകരുതൽ എടുക്കുവാൻ കൗമാരക്കാരായ കുട്ടികളിൽ അവബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് ക്യാമ്പുകൊണ്ട് ലക്ഷ്യമിടുന്നത്. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാധാകൃഷ്ണൻ, പദ്ധതി കോർഡിനേറ്റർ സായി കൃഷ്ണൻ, സി.ഡി.എസ് മെമ്പർ എൻ. പ്രീത, പ്രോഗ്രാം കോർഡിനേറ്റർ പി. ലീല തുടങ്ങിയവർ സംസാരിച്ചു.