ശുചിത്വ മിഷനും കട്ടപ്പന നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്വച്ഛത കാ ദോരംഗ് പദ്ധതിയുടെ ലോഗോ പ്രകാശനം നടത്തി. നഗരസഭാ സെക്രട്ടറി വി. പ്രകാശ് നഗരസഭാ അധ്യക്ഷ ഷൈനി സണ്ണി ചെറിയാന് ലോഗോ നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മനോജ്‌ മുരളി അധ്യക്ഷത വഹിച്ചു.

മാലിന്യ സംസ്കരണത്തിലെ നല്ല ശീലങ്ങൾ എല്ലാവരിലേയ്ക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചിത്വ മിഷന്റെ സഹകരണത്തോടെ സ്വച്ഛതാ കാ ദോരംഗ് എന്ന പേരിൽ കട്ടപ്പന നഗരസഭ ക്യാമ്പയ്ൻ സംഘടിപ്പിക്കുന്നത്. മാലിന്യങ്ങൾ ജൈവം അജൈവം എന്ന് വേർതിരിച്ച് ജൈവമാലിന്യം ഉറവിടങ്ങളിൽ തന്നെ സംസ്കരിക്കുവാനും അജൈവമാലിന്യം തരം തിരിച്ച് ഹരിത കർമ്മസേനാഗംങ്ങൾക്ക് കൈമാറുകയും ചെയ്യുന്നതിനുള്ള അവബോധം സൃഷ്ടിക്കുകയാണ് ക്യാമ്പൈയ്ൻ വഴി ഉദ്ദേശിക്കുന്നത്. അജൈവ മാലിന്യം നീലനിറമുള്ള ബക്കറ്റിലും ജൈവ മാലിന്യം പച്ച ബക്കറ്റിലും വേർതിരിച്ചു വയ്ക്കണം. അജൈവ മാലിന്യം മാത്രം ഹരിത കർമ സേന അംഗങ്ങൾ വീടുകളിൽ നിന്നു ശേഖരിക്കും. വരും ദിവസങ്ങളിലായി സ്വച്ഛദാ കാ ദോരംഗ് ക്യാമ്പെയ്ൻ വാർഡുകൾ തോറും സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

വാർഡ് കൗൺസിലർമാർ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ, ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്തു.