മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞിക്കു ശേഷം സ്‌ട്രോബറിയും പുതിയ വര്‍ണ്ണ വസന്തമൊരുക്കുകയാണ്. മൂന്നാറിലെ സമശീതോഷ്ണ കാലാവസ്ഥ സ്‌ട്രോബറി കൃഷിക്ക് അനുയോജ്യമാണ്. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലാണ് സ്‌ട്രോബറി കൃഷിക്ക് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ സംയോജിത ഹോര്‍ട്ടികള്‍ച്ചര്‍ വികസന മിഷന്‍ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മുഖാന്തിരമാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലമൊരുക്കി ബെഡുകളെടുത്ത് ഇതില്‍ വിദേശയിനം നടീല്‍ വസ്തുക്കള്‍ ഉപയോഗിച്ചാണ് കൃഷി. കള നിയന്ത്രണത്തിനായി പ്ലാസ്റ്റിക് പുതയും നല്കുന്നു. ഇപ്പോള്‍ 25 ഹെക്ടറിലധികം സ്ഥലത്ത് സ്‌ട്രോബറി കൃഷി കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലായി തുടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം 6 ഹെക്ടറിലധികം സ്ഥലത്ത് കൃത്യതാ കൃഷി രീതികളനുവര്‍ത്തിച്ചും കൃഷി ആരംഭിച്ചിട്ടുണ്ട്. പുതിയതായി ധാരാളം കൃഷിക്കാര്‍ സ്‌ട്രോബറി കൃഷിയുടെ സാധ്യതകളറിഞ്ഞ് ഈ രംഗത്തേയ്ക്ക് കടന്നുവരുന്നുണ്ട്. മൂന്നാറിലെ അനുകൂല സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് കൃഷിയിൽ മുതല്‍ മുടക്കാന്‍ ജില്ലയ്ക്ക് പുറത്തുനിന്നുമുള്ള സംരംഭകരും വരുന്നുണ്ട്. ഇത് ധാരാളം മുതല്‍ മുടക്ക് ആവശ്യമായ ഈ കൃഷിയ്ക്ക് കൂടുതല്‍ ഉണര്‍വ് നല്കുമെന്ന പ്രതീക്ഷയും ജില്ലാ കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കുവച്ചു. പ്ലാസ്റ്റിക് പുത നല്കുന്നതിലൂടെയും കൃത്യതാ കൃഷിയിലൂടെയും കൂടുതല്‍ ഗുണമേന്മ നൽകുന്ന നടീല്‍ വസ്തുക്കല്‍ ഉപയോഗിക്കുന്നതുകൊണ്ടും ഗുണമേന്മയുള്ള പഴങ്ങള്‍ ലഭിക്കുമെന്നത്, പ്രോസസ്സിംഗ് രംഗത്തേയ്ക്കും ചുവടുവയ്ക്കുന്നതിന് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്കും. മൂന്നാറിലെത്തുന്ന സഞ്ചാരികള്‍ക്ക് നീലക്കുറിഞ്ഞി പൂക്കളോടൊപ്പം ഇനി സ്‌ടോബറിയും ദൃശ്യ വര്‍ണ്ണ വസന്തമൊരുക്കും.