അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും മെഡിക്കല്‍ ക്യാമ്പും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് ബാങ്ക് അക്കൗണ്ട്, റേഷന്‍ കാര്‍ഡ്, വിവിധ തരത്തിലുള്ള മരുന്നുകള്‍ എന്നിവ പരിപാടിയില്‍ വിതരണം ചെയ്തു. പഞ്ചായത്ത് പരിധിയിലെ അതിദരിദ്രരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമുള്ള സഹായങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അതിദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതി നടപ്പാക്കുന്നത്. പഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തില്‍ മൂന്നുവര്‍ഷം കൊണ്ട് അതിദരിദ്രരെ ഇല്ലാതാക്കുന്ന ഒരു സാഹചര്യത്തിലേക്ക് നീങ്ങുന്നതിന്റെ തുടക്കമാണിതെന്ന് പ്രസിഡന്റ് എം.ടി മുഹമ്മദ് അലി പറഞ്ഞു. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാലിയേറ്റീവ് മരുന്ന് വേണ്ടവര്‍ക്കുള്ള മരുന്നുകള്‍ തുടങ്ങിയവ സമയാധിഷ്ഠിതമായി എത്തിച്ചു നല്കുന്ന പ്രവര്‍ത്തനം പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവേഗപ്പുറ പ്രാഥമികാരോഗ്യ കേന്ദ്രം ഡോക്ടര്‍ എം.എസ്. ശ്രീകുമാര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്കി. ജീവിതശൈലി രോഗനിര്‍ണയവും അവശ്യ മരുന്നുകളുടെ സേവനവും ക്യാമ്പില്‍ ഉണ്ടായിരുന്നു. വൈസ് പ്രസിഡന്റ് കാഞ്ചന രാകേഷ് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണന് പങ്കെടുത്തു.
അതിദാരിദ്ര്യ നിര്‍മാര്‍ജനം: ഹ്രസ്വകാല പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും മെഡിക്കല്‍ ക്യാമ്പും നടന്നു
Home /ജില്ലാ വാർത്തകൾ/പാലക്കാട്/അതിദാരിദ്ര്യ നിര്‍മാര്‍ജനം: ഹ്രസ്വകാല പദ്ധതികളുടെ പൂര്‍ത്തീകരണ പ്രഖ്യാപനവും മെഡിക്കല്‍ ക്യാമ്പും നടന്നു