*ലഹരിക്കെതിരെ നഗരം ചുറ്റി മോട്ടോർതൊഴിലാളികളുടെ വാഹനറാലി
കക്ഷിരാഷ്ട്രീയത്തിനതീതമായി മുഴുവൻ ജനങ്ങളും ലഹരിവിരുദ്ധ പോരാട്ടത്തിൽ പങ്കാളികളാകണമെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ലഹരിക്കെതിരെ കേരള മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ മോട്ടോർതൊഴിലാളികളുടെ നേതൃത്വത്തിൽ നടന്ന ലഹരിവിരുദ്ധ ബോധവത്ക്കരണ റാലി ഫ്ളാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. സമൂഹത്തിന്റെ ആരോഗ്യകരമായ നിലനിൽപ്പിന് ഭീഷണി സൃഷ്ടിക്കും വിധത്തിലാണ് ലഹരി വില്പനയും ഉപഭോഗവും. ഈ ശൃംഖല ഇല്ലാതാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.
കനകക്കുന്ന് മുതൽ തമ്പാനൂർ വരെ നടന്ന റാലിയിൽ മുന്നൂറോളം ഓട്ടോ, ടാക്സി വാഹനങ്ങൾ അണിനിരന്നു. കനകക്കുന്നിൽ നടന്ന ഫ്ളാഗ് ഓഫ് ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായി. ലേബർ കമ്മിഷണർ കെ. വാസുകി, കേരള മോട്ടോർതൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ. കെ. ദിവാകരൻ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രഞ്ജിത് പി. മനോഹർ എന്നിവർ പങ്കെടുത്തു.