എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യവുമായി ആധുനികമായ സാങ്കേതിക വിദ്യകളുടെ സഹായ ത്തോടെ നടത്തുന്ന എന്റെ ഭൂമി ഡിജിറ്റല്‍ റീസര്‍വ്വെയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 1 ന് രാവിലെ 9.30ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും. മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഒ.ആര്‍ കേളു എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും.

സംസ്ഥാനത്ത് 1966 ല്‍ ആരംഭിച്ച സര്‍വ്വെ നടപടികള്‍ 56 വര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സര്‍വ്വെ ഉപകരണങ്ങളും ഉപയോഗിച്ച് ബഹുജന പങ്കാളിത്തത്തോടെ എന്റെ ഭൂമി എന്ന പേരില്‍ ഡിജിറ്റല്‍ സര്‍വ്വെ ആരംഭിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജുകളിലും 4 വര്‍ഷം കൊണ്ട് സര്‍വ്വെ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ചടങ്ങില്‍ എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി.സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ എ.ഗീത, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.