അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും മയക്കുമരുന്ന്‌ വിപത്തിനുമെതിരെ വജ്രജൂബിലി ഫെല്ലോഷിപ്പ് ഇടുക്കിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. വർധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിൽ വിവിധ തരത്തിലുള്ള ദൂഷ്യഫലങ്ങളുണ്ടാക്കികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കുട്ടികളേയും യുവാക്കളെയും ലഹരിയിൽ നിന്നും രക്ഷിയ്ക്കുക എന്ന സംസ്ഥാന സർക്കാർ ദൗത്യത്തിൻ്റെ ഭാഗമായാണ് സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ നേതൃത്വത്തിൽ കൂട്ടായ്മ സംഘടിപ്പിച്ചത്. അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ വിപിൻ വിജയൻ ഉദ്ഘാടനം ചെയ്തു. സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്. സൂര്യലാൽ അധ്യക്ഷത വഹിച്ചു.

ഗായകനും വജ്രജൂബിലി പഠിതാവുമായ രാജേഷ് ലാൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നർത്തകിയും വജ്രജൂബിലി പഠിതാവുമായ അജില അരുണിൻ്റെ നൃത്താവിഷ്കാരം പരിപാടിക്ക് മിഴിവേകി. കലാകാര കൂട്ടായ്മയുടെ ഉദ്ഘാടനം അജീഷ് തായില്യം നിർവഹിച്ചു. മതനിരപേക്ഷ മൂല്യങ്ങളും നവോത്ഥാന മൂല്യങ്ങളും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് ഫോക് ലോർ അക്കാദമി അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനുമായ അജീഷ് തായില്യം പറഞ്ഞു.

ശരത് കലാമണ്ഡലം, ടി.ആർ സൂര്യദാസ്, ഹരിത കലാമണ്ഡലം, ഫ്രാൻസിസ് ഇടുക്കി, രാജേഷ് ലാൽ, അജില അരുൺ, ആഷ്ലി മനു, അനന്ദു കൃഷ്ണ, ബീന സോദരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.