തെരുവുനായ്ക്കൾക്കുള്ള ഷെൽട്ടർ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. കളക്ടർ ഷീബ ജോർജിൻ്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷെൽട്ടർ നിർമാണ വിഷയത്തിൽ പലയിടങ്ങളിലും ജനങ്ങളുടെ പിന്തുണ കുറവാണെന്ന് അദ്ദേഹം അറിയിച്ചു.
ജില്ല നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്ത യോഗത്തിൽ വനം വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരുന്നു കൂടുതലും. വന്യമൃഗ ശല്യം നേരിടുന്ന പ്രദേശത്തെ ആളുകളെ മാറ്റി പാർപ്പിക്കാതെ മൃഗശല്യം അവസാനിപ്പിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുകയാണ് വേണ്ടതെന്ന് ഡീൻ കുര്യാക്കോസ് എം.പി യോഗത്തിൽ നിർദ്ദേശിച്ചു. ഇല്ലെങ്കിൽ ജനവാസ മേഖലകൾ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവും. ആളുകളെ കൂട്ടമായി ഒഴിവാക്കുന്ന രീതി പാടില്ല- എം. പി. പറഞ്ഞു. വണ്ടിപ്പെരിയാർ സി.എച്ച്.സി യിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കാൻ വേണ്ട കാര്യങ്ങൾ അടിയന്തിരമായി ചെയ്യണമെന്ന് വാഴൂർ സോമൻ എം.എൽ.എ. ആവശ്യപ്പെട്ടു. അക്ഷയയുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഡിജിലോക്കർ പദ്ധതി എല്ലാ പട്ടിക വർഗ കോളനികളിലും നടത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഗോത്രസാരഥി പദ്ധതി നടത്തിപ്പിൽ വകുപ്പ് വിഹിതമായ 30 ലക്ഷത്തിൽ 29.5 ലക്ഷവും ചെലവഴിച്ചതായി വകുപ്പ് ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു. കൂടാതെ പുഴകളുടെ വീതി കൂട്ടൽ, വശങ്ങൾ കെട്ടൽ എന്നിവയുടെ കണക്കെടുപ്പ് പുരോഗമിക്കുന്നുണ്ട്. വളർത്തു നായ്ക്കളുടെയും തെരുവ് നായ്ക്കളുടെയും വാക്സിനേഷൻ ജില്ലയിൽ എല്ലായിടത്തും നടക്കുന്നുണ്ട്. മിക്ക പഞ്ചായത്തുകളിലും തെരുവുനായ വാക്സിനേഷൻ ക്യാമ്പുകളും നടത്തി വരുന്നുണ്ട്. ജില്ലയിൽ നിലവിൽ വാക്സിൻ ക്ഷാമം ഇല്ലെന്നും കൂടുതൽ വാക്സിൻ ഒക്ടോബർ 29 ന് എത്തിയതായും ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.
ലഹരി മുക്ത കർമ പരിപാടിയുടെ ജില്ലയിലെ പുരോഗതിയും യോഗത്തിൽ അവലോകനം ചെയ്തു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ ലഹരിവിരുദ്ധ ബോധവൽക്കരണ സന്ദേശങ്ങൾ അടങ്ങിയ കൈപുസ്തകം യോഗത്തിൽ വിതരണം ചെയ്തു. കൂടാതെ ജില്ലിയിലെ ഓഫീസുകളിലേക്കും, സബ് ഓഫീസുകളിലേക്കുമുള്ള മലയാള ദിനം – ഭരണഭാഷ വാരാചരണം പോസ്റ്ററുകളും യോഗത്തിൽ വിതരണം ചെയ്തു.
യോഗത്തിൽ എ.ഡി.എം. ഷൈജു പി. ജേക്കബ്, സബ് കളക്ടർ അരുൺ എസ്. നായർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷാകുമാരി മോഹൻകുമാർ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. സാബു വർഗീസ്, വിവിധ വകുപ്പ് തല മേധാവികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.