ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസിന്റെ പരിധിയില്‍പ്പെട്ട വിവിധ പഞ്ചായത്തുകളില്‍ ഭിന്നശേഷി, പട്ടികജാതി, പട്ടികവര്‍ഗ്ഗം വിഭാഗത്തിലേക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ റേഷന്‍കടകള്‍ക്ക് അപേക്ഷിക്കാം. ചാത്തമംഗലം, കക്കോടി, നന്മണ്ട, പെരുവയല്‍, ഒളവണ്ണ, പഞ്ചായത്തുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നവംബര്‍ 25-ന് വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ സപ്ലൈ ഓഫീസ് 0495 2370655, താലൂക്ക് സപ്ലൈ ഓഫീസ് 0495 2374885.

ഹിന്ദി അധ്യാപക കോഴ്സിന് സീറ്റൊഴിവ്

കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്സിന് അന്‍പത് ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയുള്ള പ്ലസ് ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവുണ്ട്. പ്രിന്‍സിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷകള്‍ നവംബര്‍ 19 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0473 4296496, 8547126028.

റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷ ഒക്ടോബര്‍ 31 വരെ

പൊതുവിഭാഗം റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ ഒക്ടോബര്‍ 31 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പിന്റെ വെബ് സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ വഴി അപേക്ഷ സമര്‍പ്പിക്കാം. തദ്ദേശ സ്വയംഭരണ സെക്രട്ടറി നല്‍കുന്ന ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റുള്ളവര്‍, മാരക രോഗമുള്ളവര്‍, പട്ടികജാതിയില്‍പെട്ടവര്‍, പരമ്പരാഗത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍, നിര്‍ധന ഭൂരഹിത ഭവന രഹിതര്‍, സര്‍ക്കാര്‍ ധനസഹായത്തോടെ ലഭ്യമായ വീടുള്ളവര്‍ (ലക്ഷംവീട്, ഇ.എം.എസ് ഭവന പദ്ധതി, ഇന്ദിര ആവാസ് യോജന പദ്ധതി, പട്ടികജാതി/പട്ടികവര്‍ഗ്ഗ കോളനികള്‍), ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷയില്‍ പ്രസ്തുത വിവരത്തോടൊപ്പം ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കുണം. ആയിരം ചതുരശ്ര അടിയിലധികം വിസ്തീര്‍ണമുളള വീട്, ഒരേക്കറിലധികം ഭൂമി, സര്‍ക്കാര്‍ ജോലി, കുടുംബത്തിന്റെ പ്രതിമാസ വരുമാനം 25000/ രൂപയിലധികം, നാലുചക്ര വാഹനം(ടാക്‌സി ഒഴികെ) എന്നിവയുള്ളവര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുമായി ബന്ധപ്പെടുക.

സൗജന്യ യോഗ പരിശീലനം

ലോക പ്രമേഹ ദിനാചരണത്തോടനുബന്ധിച്ച് പ്രമേഹ രോഗികള്‍ക്കായി കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ യോഗ പ്രകൃതി ചികിത്സാ യൂണിറ്റിന്റെ നേതൃത്വത്തില്‍ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന സൗജന്യ യോഗ പരിശീലനം ആരംഭിക്കുന്നു. നവംബര്‍ ഒന്നു മുതല്‍ 14 വരെ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ രാവിലെ 9.30 മുതല്‍ 10.30 വരെയാണ് പരിശീലനം.

മത്സരപരീക്ഷാ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

50 പട്ടിക ജാതി വിഭാഗ യുവതി യുവാക്കള്‍ക്ക് പി.എസ്.സി/ യു.പി.എസ്.സി പരിക്ഷാ പരിശീലനം നല്‍കുന്നതിന് കോര്‍പ്പറേഷന്‍ പരിധിയിലെ അംഗീകൃത മത്സര പരീക്ഷ കേന്ദ്രങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ലൈസന്‍സിന്റെ പകര്‍പ്പ്, മൂന്നു വര്‍ഷങ്ങളിലെ റിസള്‍ട്ട് എന്നിവ സഹിതം നവംബര്‍ അഞ്ചിനകം കോഴിക്കോട് കോര്‍പ്പറേഷനിലെ പട്ടിക ജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8547630149, 9526679624.

അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ജില്ലയില്‍ സിറ്റി റേഷനിംഗ് ഓഫീസ് (നോര്‍ത്ത്) ന്റെ പരിധിയില്‍പ്പെട്ട ഭിന്നശേഷി വിഭാഗത്തിലേക്ക് സ്ഥിരം ലൈസന്‍സി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും പുതുതായി അനുവദിച്ചതുമായ റേഷന്‍കടകള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ 25-ന് വൈകീട്ട് മൂന്ന് മണിക്കുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജില്ലാ സപ്ലൈ ഓഫീസ് 0495 2370655, സിറ്റി റേഷനിംഗ് ഓഫീസ് നോര്‍ത്ത് 0495 2374565.