സായുധ സേന വിഭാഗങ്ങളോട് ചേര്‍ന്നു നിന്ന് ചിട്ടയായ പരിശീലനത്തിലൂടെ സാമൂഹ്യ പ്രതിബദ്ധതയും സമൂഹനന്മയും ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ സ്‌കൂളിനും നാടിനും ഒരുപോലെ അഭിമാനമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നെടുങ്കണ്ടം ജി.വി.എച്ച്.എസ.് സ്‌കൂളിലെയും, സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും എസ്.പി.സി കേഡറ്റുകളുടെ സംയുക്ത പാസിങ് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.സമൂഹത്തെ ബാധിച്ചിരിക്കുന്ന വിപത്തുകളെ കീഴടക്കുവാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് കടമയുണ്ട്. ലഹരി മാഫിയയ്ക്കെതിരെ നടക്കുന്ന പോരാട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കാളികളാകണമെന്നും മന്ത്രി പറഞ്ഞു.

രണ്ടു വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 82 കേഡറ്റുകളാണ് രണ്ട് സ്‌കൂളുകളില്‍ നിന്നും നാല് പ്ലറ്റൂണുകളിലായി പാസിങ് ഔട്ട് പരേഡില്‍ അണിനിരന്നത്. പൗരബോധവും ലക്ഷ്യബോധവുമുള്ള യുവതലമുറയെ വാര്‍ത്തെടുക്കുക, വിദ്യാര്‍ത്ഥികളില്‍ പ്രകൃതി സ്‌നേഹവും പരിസ്ഥിതി സംരക്ഷണ ബോധവും വളര്‍ത്തുക, സാമൂഹ്യ പ്രശ്ങ്ങളില്‍ ഇടപെടാനും മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുവാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സംസ്ഥാന സര്‍ക്കാരും പോലീസ് സേനയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കി വരുന്നത്.

നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍, പഞ്ചായത്ത് അംഗങ്ങളായ ജോജി എടപ്പള്ളിക്കുന്നേല്‍, ബിന്ദു സഹദേവന്‍, നെടുങ്കണ്ടം എസ്.എച്ച്.ഒ ബിനു ബി.എസ്, എസ്.ഐ അബ്ദുള്‍ റസാഖ്, എ.ഡി.എന്‍.ഒ സുരേഷ് ബാബു, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അല്ലി എസ്. ചന്ദ്രന്‍, പ്രധാനധ്യാപിക ഹേമ പി.ആര്‍., സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജോണ്‍ ചേനംചിറയില്‍, സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ജോണ്‍ തൊണ്ടന്മാക്കല്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.