ജില്ലയില്‍ എന്റെ ഭൂമി ഡിജിറ്റല്‍ സര്‍വെ ആരംഭിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള സര്‍വെ, ഭൂരേഖ വകുപ്പ് നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വെയുടെ ജില്ലാതല ഉദ്ഘാടനം കേരളപ്പിറവി ദിനത്തില്‍ കളേ്രക്ടറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ ജില്ലയുടെയും ഭൂപ്രകൃതിയും സാഹചര്യങ്ങളും അനുസരിച്ചു സര്‍വെ ചെയ്യുന്നതില്‍ വ്യത്യാസം ഉണ്ട്. ഈ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെയും പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കാതെയും ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയാക്കണം. എല്ലാ ജനങ്ങള്‍ക്കും അവരവരുടെ ഭൂമിയില്‍ സ്വാതന്ത്രമായി പ്രവര്‍ത്തിക്കുവാനുള്ള അവകാശം ലഭിക്കണം. റവന്യു രേഖകളിലെ അപാകതകള്‍ തിരുത്താനുള്ള അവസരമായി ഡിജിറ്റല്‍ സര്‍വെയെ മാറ്റണമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഭൂമി മുഴുവന്‍ സര്‍വെ ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം ഉചിതമാണെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച എം.എം. മണി എം.എല്‍.എ. പറഞ്ഞു. എന്നാല്‍ ഇടുക്കി ജില്ലയിലെ പ്രശ്നങ്ങള്‍ വ്യത്യസ്തമാണ്. ജില്ലയിലെ ഭൂമി സര്‍വെ ചെയ്യുമ്പോള്‍ ഏലം, തേയില തുടങ്ങിയ തോട്ടം മേഖലകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് എം.എല്‍.എ. പറഞ്ഞു.

സംസ്ഥാനത്തെ ഡിജിറ്റല്‍ റീസര്‍വെയിലൂടെ ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ഒരു ആധികാരിക രേഖയാണ് ലഭ്യമാകുന്നത്. വാത്തിക്കുടി, ഇടുക്കി, പെരുവന്താനം, മഞ്ചുമല, പെരിയാര്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, രാജാക്കാട്, ചിന്നക്കനാല്‍, ചതുരംഗപ്പാറ, കല്‍ക്കൂന്തല്‍, ഇരട്ടയാര്‍, കരുണാപുരം എന്നീ 13 വില്ലേജുകളാണ് ജില്ലയില്‍ ആദ്യഘട്ട ഡിജിറ്റല്‍ സര്‍വെക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. ഡ്രോണ്‍, ജി.പി.എസ്, ആര്‍.ടി.കെ, ടോട്ടല്‍ സ്റ്റേഷന്‍ എന്നിങ്ങനെ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് റീസര്‍വെ ജോലികള്‍ നടത്തുന്നത്. ഇടുക്കി ജില്ലയില്‍ മൂന്നാറിലും പാമ്പാടുംപാറയിലുമാണ് കോര്‍സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്.

ചടങ്ങില്‍ എ.ഡി.എം. ഷൈജു പി. ജേക്കബ് സ്വാഗതം പറഞ്ഞു. റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ പി. കെ. സദാനന്ദന്‍ വിഷയാവതരണം നടത്തി.
വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ജി. സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, സിബിച്ചന്‍ തോമസ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ്, സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍, ഡെപ്യൂട്ടി കളക്ടര്‍ മനോജ് കെ. ആര്‍, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.