വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി. ‘എന്റെ ഭൂമി’ എന്നു പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ പൂർണമായും തെറ്റുകളില്ലാതെയും കാലതാമസമില്ലാതെയും ഭൂസംബന്ധമായ വിവരങ്ങൾ സേവനങ്ങളും ജനങ്ങൾക്കു ലഭ്യമാകുമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഡിജിറ്റൽ സങ്കേതങ്ങളെ പ്രയോജനപ്പെടുത്തി ഭൂമി കൃത്യമായി അളന്നു തിട്ടപ്പെടുത്തുകയാണു ഡിജിറ്റൽ റീസർവേ പദ്ധതിവഴി നടപ്പാക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 55 വർഷത്തിനിടെ സംസ്ഥാനത്തെ 55 ശതമാനം വില്ലേജുകളിൽ മാത്രമാണു സർവേ നടപടികൾ പൂർത്തിയായിട്ടുള്ളത്. നിലവിലെ രീതിയിൽ സർവേ തുടർന്നാൽ റീസർവേ പൂർത്തിയാക്കാൻ ഇനിയും 50 വർഷമെങ്കിലും എടുക്കും. ഈ വലിയ കാലതാമസം വികസന ക്ഷേമ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. ഇതു മറികടക്കുന്നതിനാണു ഡിജിറ്റൽ റീസർവേ നടപ്പാക്കുന്നത്.

സംസ്ഥാനത്തെ 1,666 വില്ലേജുകളിൽ 1,550 വില്ലേജുകളുടെ ഡിജിറ്റൽ റീസർവേ അടുത്ത നാലു വർഷംകൊണ്ട് പൂർത്തിയാകും. കൃത്യമായ രേഖകളും തയാറാക്കും. ഇതിന് ആവശ്യമായ വരുന്ന സാങ്കേതികവിഭാഗം ജീവനക്കാരെ കണ്ടെത്താൻ നടപടി സ്വീകരിച്ചിട്ടുണ്ട്. 1500 സർവേയർമാർ, 3200 ഹെൽപ്പർമാർ എന്നിവരടക്കം 4700 ജീവനക്കാരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്ന നടപടികൾ പൂർത്തിയായി. ഡിജിറ്റൽ റീസർവേയ്ക്കായി റവന്യൂ വകുപ്പിന് ആവശ്യമുള്ള വിവരങ്ങൾക്കു പുറമേ കേരളത്തിന്റെ ഭൂപ്രകൃതി വിവരങ്ങൾകൂടി ഉൾപ്പെടുത്തി എല്ലാ വകുപ്പുകൾക്കും പ്രയോജനകരമാകുന്ന ഡാറ്റ ബേസ് തയാറാക്കാനും ഉദ്ദേശിക്കുന്നുണ്ട്. ഡിജിറ്റൽ റീസർവേ പദ്ധതിയിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കും. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ജനങ്ങളുടെ സഹകരണം ആവശ്യമാണ്. ഭൂമിയുടെ അതിർത്തികൾ വ്യക്തമായി തെളിച്ചിടുക, കൃത്യമായ അടയാളങ്ങൾ സ്ഥാപിക്കുക, അടയാളങ്ങൾ ഇല്ലാത്തവർ ബന്ധപ്പെട്ട അധികൃതരുടെ സഹായത്തോടെ അവ സ്ഥാപിക്കുക തുടങ്ങിയ നടപടികൾ ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. അതിർത്തി തർക്കങ്ങൾ ശാശ്വതമായി പരിഹരിക്കാനായുള്ള സെറ്റിൽമെന്റ് പദ്ധതികൂടി ‘എന്റെ ഭൂമി’ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ റീസർവേയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ച് പങ്കാളിത്തം  ഉറപ്പാക്കാൻ സർവേ സഭകളും സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 200 വില്ലേജുകളിലാണു സർവേ സഭകൾ സംഘടിപ്പിക്കുന്നത്. ഡിജിറ്റൽ സർവേയുടെ പ്രാധാന്യവും അതു നടപ്പാക്കുന്നതിൽ ജനങ്ങളുടെ പങ്കും വിശദീകരിക്കുന്ന മാർഗരേഖയും ഇതിന്റെ ഭാഗമായി വരും. ആരോഗ്യ, വിദ്യാഭ്യാസ, പാർപ്പിട മേഖലകളിലെ ജനകീയ ഇടപെടലുകളിലൂടെ കേരളം രാജ്യത്തിനു നൽകിയ മാതൃക ഡിജിറ്റൽ റീസർവേയിലുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടത്രയും അളവ് ഭൂമി ഇല്ലാത്ത നാടാണു കേരളം. ആകെ ഭൂവിസ്തൃതിയുടെ 30 ശതമാനം വനമാണ്. ബാക്കിയുള്ളതിൽ ഉപയോഗയോഗ്യമായതിൽനിന്നുവേണം മറ്റ് ആവശ്യങ്ങൾക്കു ഭൂമി കണ്ടെത്തേണ്ടത്. ഭൂവിനിയോഗത്തിനു കൃത്യമായ രൂപരേഖ തയാറാക്കി മുന്നോട്ടുപോകണം. അതിന്റെ ഭാഗായാണു ഡിജിറ്റൽ റീസർവേ പോലുള്ള പദ്ധതികൾ നടപ്പാക്കുന്നത്. ഭൂമി സംബന്ധമായ വിഷയങ്ങളിൽ കഴിഞ്ഞ ആറു വർഷത്തിനിടെ വലിയ തോതിൽ മുന്നോട്ടുപോകാൻ സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. പട്ടയവിതരണത്തിൽ കൈവരിക്കാനായ നേട്ടം ഇതിന്റെ ഉദാഹരണമാണ്. ആറു വർഷത്തിനിടെ 2.25 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്തു. കേരളത്തിലെ ഭൂരഹിതരുടെ എണ്ണം 3,41,095 ആണെന്നാണു ലൈഫ് മിഷനുവേണ്ടിയുള്ള കണക്കെടുപ്പിൽ വ്യക്തമായത്. ഇത്രയും കുടുംബങ്ങൾക്കു മൂന്നു സെന്റ് ഭൂമിയെങ്കിലും വേണമെന്നു കണക്കാക്കിയാൽ 10,500 ഏക്കർ ഭൂമി ആവശ്യമായിവരും. വിവിധ ലാൻഡ് ബോർഡുകളിലെ കേസുകൾ തീർപ്പാക്കിയാൽ 8,210 ഏക്കർ വിതരണത്തിനു തയാറാകും. നിലവിലുള്ള മിച്ചഭൂമി കേസുകൾകൂടി തീർപ്പാക്കിയാൽ ഭൂരഹിതർക്കു വിതരണം ചെയ്യാനുള്ള ഭൂമി ലഭ്യമാകുമെന്നാണു കണക്കാക്കുന്നത്. അതിനുള്ള  സത്വര നടപടികളാണു സർക്കാർ സ്വീകരിക്കുന്നത്.

സർക്കാർ സേവനങ്ങൾക്കു ജനങ്ങൾ ഏറ്റവും കൂടുതൽ ബന്ധപ്പെടുന്ന വകുപ്പുകളിലൊന്നാണു റവന്യൂ വകുപ്പ്. ഇത്തരം വകുപ്പുകളിൽനിന്നു ജനങ്ങൾക്കു പരാതി രഹിതമായി സേവനങ്ങൾ ലഭ്യമാക്കാൻ കഴിയണം. ഓൺലൈൻ സേവനങ്ങൾ നടപ്പാക്കിയത് ഇതിന്റെ ഭാഗമാണ്. ഉദ്യോഗസ്ഥർ ജനോന്മുഖ പ്രവർത്തനരീതി സ്വീകരിക്കണം. കാലം മാറിയതിനൊപ്പം ഉദ്യോഗസ്ഥ സംവിധാനത്തിലും മാറ്റമുണ്ടായി. മെച്ചപ്പെട്ട സേവനമാണു സർക്കാർ വകുപ്പുകൾ ഇപ്പോൾ നൽകുന്നത്. എന്നാൽ, ഒറ്റപ്പെട്ട ചില വ്യക്തികൾ ഈ സംസ്‌കാരം ഉൾക്കൊള്ളാതെ പ്രവർത്തിക്കുന്നുണ്ട്. അത്തരം പ്രവണതകൾക്കെതിരേ സ്വാഭാവിക വിമർശനം ഉയരും. ഇക്കാര്യത്തിൽ ആശ്ചര്യപ്പെടേണ്ടതില്ല. ഇത്തരം ഒറ്റപ്പെട്ട രീതികൾപോലും ജനങ്ങൾ ആഗ്രഹിക്കുന്നില്ല. എല്ലാം ഡിജിറ്റലാക്കിയും ഓൺലൈനാക്കിയും സർക്കാർ സംവിധാനങ്ങൾ മെച്ചപ്പെടുമ്പോൾ ഒറ്റപ്പെട്ട വ്യത്യസ്തതകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഒറ്റപ്പെട്ട വ്യത്യസ്തതകൾ സ്വീകരിക്കുന്നവരെ സംരക്ഷിക്കേണ്ടകാര്യം ഒരു വകുപ്പിനുമില്ല. സർക്കാരും നാടും ജനങ്ങളും ആഗ്രഹിക്കുന്ന പ്രവർത്തനരീതിയുമായി ബന്ധപ്പെട്ടു മാത്രമേ മുന്നോട്ടു പോകാനാകൂ. അതിൽനിന്നു വ്യത്യസ്തമായേ ചെയ്യൂ എന്ന നിർബന്ധമുള്ള ചുരുക്കം ചില വ്യക്തികളെ സംരക്ഷിക്കാൻ ഒരു വകുപ്പും തയാറാകേണ്ടതില്ലെന്നാണു സർക്കാരിന്റെ നിലപാട്. അവർ ഇതിന്റെ ഭാഗമാകാൻ തയാറാകുന്നില്ലെങ്കിൽ അവർ തുടർന്ന് ഇതിന്റെ ഭാഗമാകാതിരിക്കാൻ എന്തൊക്കെ ചെയ്യാനാകുമെന്നാണു നോക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലു വർഷം കൊണ്ടു കേരളത്തിന്റെ ഡിജിറ്റൽ റീസർവേ പൂർത്തിയാകുമെന്നും അതോടെ രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ റീസർവേ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ടു സർവേയും ഭൂരേഖയും വകുപ്പ് തയാറാക്കിയ തീം സോങ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു. കോൾ സെന്ററിന്റെ ലോഞ്ചിങ് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ. രാമചന്ദ്രൻ നിർവഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ. അനിൽ, എം.ബി. രാജേഷ്, വി.കെ. പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വാർഡ് കൗൺസിലർ രാഖി രവികുമാർ, ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു, സർവെയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, തിരുവന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ലാൻഡ് ബോർഡ് സെക്രട്ടറി അർജുൻ പാണ്ഡ്യൻ, പ്ലാനിങ് ബോർഡ് അംഗം വി. നമശിവായം, സർവെ ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ മഹേഷ് രവീന്ദ്രനാഥൻ, എൻഐസി സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫിസർ പി.വി. മോഹൻ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.