രേഖയിലുള്ള ഭൂമി കൃത്യമായി ഭൂവുടമക്ക് ലഭ്യമാക്കുകയും കയ്യേറ്റ ഭൂമികളും കൈവശപ്പെടുത്തിയ ഭൂമികളും വീണ്ടെടുത്ത് പൊതു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയുമാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ റീസര്‍വേയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. കേരളത്തില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ റീസര്‍വേ പദ്ധതി ‘എന്റെ ഭൂമി’യുടെ ജില്ലാതല ഉദ്ഘാടനം വൈലത്തൂരിലെ കെ.പിഎം ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന്റെ ഭാഗമായി നാല് വര്‍ഷം കൊണ്ട് കേരളത്തെ ഏറ്റവും ശാസ്ത്രീയമായ രീതിയില്‍ സര്‍വേ ചെയ്ത് കൃത്യമായ സര്‍വേ റിക്കാര്‍ഡുകള്‍ തയ്യാറാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. സ്വന്തം ഭൂമിയുടെ കൃത്യമായ അളവും തര്‍ക്കമില്ലാത്ത അവകാശരേഖയും ഒരു പൗരന്റെ അവകാശമാണ്. സംസ്ഥാനത്ത് റീസര്‍വേ നടപടികള്‍ 1966ല്‍ ആരംഭിച്ചെങ്കിലും ആധുനിക സാങ്കേതിക വിദ്യയുടെ അഭാവംമൂലം 56 വര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യം പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ച് ‘എന്റെ ഭൂമി’ എന്ന പേരില്‍ സംസ്ഥാനത്ത് മുഴുവന്‍ വില്ലേജുകളിലും ഡിജിറ്റല്‍ സര്‍വേ ആരംഭിക്കാനും അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുവാനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളത്. ആകെ 848.42 കോടി രൂപ ചെലവ് വരുന്ന പദ്ധതി നടത്തിപ്പിന് ആദ്യഘട്ടത്തില്‍ 438.46 കോടി രൂപ റീ ബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ അനുവദിച്ചിട്ടുണ്ട്. നാലുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാന്‍ റവന്യൂ ഗ്രൂപ്പിലെ ജോലിക്കാരെ കൂടാതെ 1500 സര്‍വേയര്‍മാര്‍, 3200 ഹെല്‍പ്പര്‍മാര്‍ ഉള്‍പ്പെടെ 4700 പേരെ കരാറടിസ്ഥാനത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കുറുക്കോളി മൊയ്തീന്‍ എം.എല്‍.എഅധ്യക്ഷനായി ജില്ലാകലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, തിരൂര്‍ സബ്കലക്ടര്‍ സച്ചിന്‍ യാദവ്, എല്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ അന്‍വര്‍ സാദത്ത്, സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ സ്വപ്ന മേലൂക്കടവന്‍, സര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ വി.ഡി സിന്ധു, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് കെ. സല്‍മ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിനീഷ് മുസ്തഫ, ലിബാസ് മൊയ്തീന്‍, ഷംസിയ സുബൈര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി.നിയാസ്, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം നിതിന്‍ദാസ്, കോമുട്ട്യാക്ക, കുഞ്ഞായി, തിരൂര്‍ തഹസില്‍ദാര്‍ പി.ഉണ്ണി, തിരൂര്‍ ഭൂരേഖ തഹസില്‍ദാര്‍ എസ്.ഷീജ എന്നിവര്‍ പങ്കെടുത്തു. ഡിജിറ്റല്‍ സര്‍വേ പദ്ധതി – എന്റെ ഭൂമിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ച ചടങ്ങിന്റെ ലൈവ് സംപ്രേഷണ ശേഷമായിരുന്നു ജില്ലാതല പരിപാടി അരങ്ങേറിയത്.