കേരള റോഡ് സുരക്ഷാ അതോറിറ്റിയും (കെ.ആർ.എസ്.എ) ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും (നാറ്റ്പാക്) സംയുക്തമായി അപ്പർ പ്രൈമറിതലം മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ഏകദിന റോഡ് സുരക്ഷാബോധവൽക്കരണ പരിശീലന പരിപാടി നടത്തുന്നു. കേരളത്തിലെ 14 ജില്ലകളിലായുള്ള തിരഞ്ഞെടുത്ത 100 സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണു പരിശീലനം. ”സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത (Safe Road to School Program – SRS)’ എന്ന പേരിലുള്ള പരിശീലനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (നവംബർ 03) ന് രാവിലെ 10ന് അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂളിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.

പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുത്ത ഒരോ സ്‌കൂളിലേയും റോഡ് സുരക്ഷാ സെൽ അംഗങ്ങളായുള്ള വിദ്യാർഥികൾക്ക് റോഡ് സുരക്ഷയെപ്പറ്റി വിദഗ്ദ്ധ പരിശീലനം നല്കുന്നതിനോടൊപ്പം സ്‌കൂൾ പരിസരത്തെ പ്രധാനപ്പെട്ട റോഡ് സുരക്ഷാ പ്രശ്‌നങ്ങൾ റോഡ് സുരക്ഷാ പരിശോധനയിലൂടെ കണ്ടുപിടിക്കുകയും കുട്ടികളുടെ സുരക്ഷ മെച്ചപ്പെടുത്തുവാൻ വേണ്ട പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്യും. പരിപാടിയുടെ ഉദ്ഘാടനത്തിനു വേദിയാകുന്ന അട്ടക്കുളങ്ങര ഗവ. സെൻട്രൽ ഹൈസ്‌കൂളിൽ ആദ്യ SRS പരിശിലന പരിപാടിക്കും റോഡ്‌സുരക്ഷാ പരിശോധനയ്ക്കും തുടക്കമാകും. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും സജീവമായ ഇടപെടലിലൂടെ വിദ്യാർഥികളുടെ മനസിൽ റോഡ് സുരക്ഷാവബോധം വളർത്തുകയെന്നതാണ് പരിപാടിയുടെ ലക്ഷ്യം.