ഇരുപത്തിയേഴാമത് ഐ. എഫ്. എഫ്. കെയുടെ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക മന്ത്രി വി. എൻ. വാസവൻ യോഗം ഉദ്ഘാടനം ചെയ്തു. ഐ. എഫ്. എഫ്.കെ മോഷൻ ടീസർ പ്രകാശനം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു.

ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് ഇറാനിയൻ സംവിധായിക മഹനാസ് മൊഹമ്മദിക്ക് സമ്മാനിക്കും. ഭരണകൂടത്തിന്റെ അനിഷ്ടത്തിന് പാത്രമായി ജയിൽ ശിക്ഷ വരെ അനുഭവിച്ച വ്യക്തിയാണ് ഇറാനിലെ സ്ത്രീകളുടെ അവകാശത്തിനായി പോരാടുന്ന മഹനാസ് മൊഹമ്മദി. അവാർഡ് സ്വീകരിക്കാൻ കേരളത്തിലെത്തുമെന്ന് മഹനാസ് അറിയിച്ചിട്ടുണ്ട്.

നരബലിയും ലഹരിയും പ്രണയ കൊലകളുമൊക്കെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ലെന്നും ഇതിനെതിരെ കേരളത്തിലെ സാംസ്‌കാരിക സമൂഹം പോരാടേണ്ടതുണ്ടെന്നും മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. കേരളത്തിലെ പ്രശസ്തരും പ്രഗത്ഭരുമായ സാംസ്കാരിക പ്രവർത്തകരെയും സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളെയും അണിനിരത്തി ഒരു വർഷം നീണ്ടു നിൽക്കുന്ന മുന്നേറ്റ പ്രവർത്തനങ്ങൾ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

ഇത്തവണത്തെ ചലച്ചിത്ര മേളയിലേക്ക് 800 എൻട്രികളാണ് ലഭിച്ചത്. ഇന്റർനാഷണൽ സിനിമ മത്‌സര വിഭാഗത്തിലെ എല്ലാ ചിത്രങ്ങളുടെയും- ഇന്ത്യൻ പ്രീമിയറായിരിക്കും ഇത്തവണത്തെ പ്രത്യേകത. മാസ്‌റ്റേഴ്‌സിന്റെ ഏറ്റവും പുതിയ ചിത്രങ്ങളുടെ വിഭാഗവും ഉണ്ടാവും. കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാൾ ഓഫ് ഗോഡ് പ്രദർശിപ്പിക്കും.

ചടങ്ങിൽ ചലച്ചിത്ര അക്കാഡമി ചെയർമാൻ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യ രക്ഷാധികാരിയും സാംസ്‌കാരിക വകുപ്പ് മന്ത്രി വി എൻ വാസവൻ ഫെസ്റ്റിവൽ പ്രസിഡന്റുമായ സമിതിയിൽ റിസപ്ഷൻ കമ്മിറ്റി ചെയർമാനായി എം വിജയകുമാറും ഹോസ്പിറ്റാലിറ്റി ആൻഡ് കോർഡിനേഷൻ കമ്മിറ്റി ചെയർമാനായി ജി സുരേഷ് കുമാറും പ്രോഗ്രാം കമ്മിറ്റി ചെയർമാനായി ശ്യാമ പ്രസാദും ഡെലിഗേറ്റ് കമ്മിറ്റി ചെയർമാനായി കെ ജി മോഹൻ കുമാറും എക്സിബിഷൻ കമ്മിറ്റി ചെയർമാനായി നേമം പുഷ്പരാജും വളണ്ടിയർ കമ്മിറ്റി ചെയർമാനായി കെ എസ് സുനിൽ കുമാറും ഓഡിയൻസ് പോൾ കമ്മിറ്റി ചെയർമാനായി പി എം മനോജും ഹെൽത്ത് ആൻഡ് കോവിഡ് മാനേജ്‌മെന്റ് കമ്മിറ്റി ചെയർ പേഴ്‌സണായി ജമീല ശ്രീധരനും മീഡിയ കമ്മിറ്റി ചെയർമാനായി ആർ എസ് ബാബുവും തിയറ്റർ ടെക്‌നിക്കൽ കമ്മിറ്റി ചെയർമാനായി സണ്ണി ജോസഫും തിയറ്റർ അവാർഡ് കമ്മിറ്റി ചെയർമാനായി വിപിൻ മോഹനും പ്രവർത്തിക്കും.

ഐ. ബി. സതീഷ് എം. എൽ. എ, മുൻ സ്പീക്കർ എം. വിജയകുമാർ, വൈസ് ചെയർമാൻ പ്രേംകുമാർ, ശ്രീകുമാരൻ തമ്പി, കെ. പി. കുമാരൻ, ജനറൽ കൗൺസിൽ അംഗങ്ങളായ ഹരിശ്രീ അശോകൻ, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, കെ. എസ്. എഫ്. ഡി. സി എം. ഡി എൻ. മായ, ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി. അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ, ചലച്ചിത്ര പ്രവർത്തകർ, സാംസ്‌കാരി പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.