ശിശുദിനാഘോഷ റാലിയും പൊതുസമ്മേളനവും സംബന്ധിച്ചുള്ള ആലോചനാ യോഗം കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ. അജിത ഉദ്ഘാടനം ചെയ്തു. അസി. ഡവലപ്‌മെന്റ് കമ്മീഷണര്‍ കെ.ഇ. വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ശിശുദിനാഘോഷ രചനാ മത്സരങ്ങള്‍ നവംബര്‍ 5 ന് നടത്താന്‍ തീരുമാനിച്ചു. എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് പ്രസംഗ മത്സരം നവംബര്‍ 8 ന് ഉപജില്ലാ തലത്തിലും നവംബര്‍ 10 ന് ജില്ലാതല മത്സരവും നടത്താന്‍ തീരുമാനിച്ചു. ശിശുദിനത്തില്‍ കല്‍പ്പറ്റ നഗരസഭാ പരിധിയിലെ വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുക്കുന്ന റാലി സംഘടിപ്പിക്കും. നവംബര്‍ 14 ന് രാവിലെ 10 ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി എസ്.കെ.എം.ജെ സ്‌കൂളില്‍ അവസാനിക്കും. പൊതു സമ്മേളനം കുട്ടികളുടെ പ്രധാന മന്ത്രി (പ്രസംഗ മത്സരത്തിലെ വിജയി) ഉദ്ഘാടനം ചെയ്യും. ദേശീയ ചിത്രരചനാ മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.
കല്‍പ്പറ്റ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് സ്വാഗത സംഘം ചെയര്‍മാനായും കല്‍പ്പറ്റ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ. അജിത, നഗരസഭാ കൗണ്‍സിലര്‍മാരായ സി.കെ ശിവരാമന്‍, ടി. മണി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും കെ. സത്യന്‍ കണ്‍വീനറായും വിദ്യാഭ്യാസ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് പി. സുരേഷ്ബാബു, കല്‍പ്പറ്റ എസ്.ഡി.എം.എല്‍.പി സ്‌കൂളിലെ അധ്യാപകന്‍ വി.കെ. വിജയകുമാര്‍, പെരുന്തട്ട എച്ച്.എം.ജി.യു.പി സ്‌കൂളിലെ കെ.എസ്. തോമസ് എന്നിവരെ ജോ. കണ്‍വീനര്‍മാരായും ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ പി. വിനോദ്കുമാര്‍, ഷരീഫ്, ടി. മണി, പി. കുഞ്ഞൂട്ടി, ശിശു ക്ഷേമ സമിതി സെക്രട്ടറി കെ. സത്യന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.