വനിത ശിശു വികസന വകുപ്പും ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച, ഭിന്നശേഷി കുട്ടികളുടെ കലാ -കായിക മാമാങ്കം ‘സര്‍ഗോത്സവ്’ സബ് കളക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളില്‍ നടത്തിയ  മത്സരങ്ങളില്‍ വിജയിച്ച 62 കുട്ടികളാണ് ബ്ലോക്ക് തലത്തില്‍ പങ്കെടുത്തത്. വാശിയേറിയ കായിക മത്സരങ്ങളില്‍ പങ്കെടുത്തവരെ പ്രോത്സാഹിപ്പിക്കാനായി രക്ഷിതാക്കളോടൊപ്പം പ്രദേശവാസികളും അണിനിരന്നു.

വേദിയില്‍ പരിമിതികള്‍ മറന്ന് കുട്ടികള്‍കലാപ്രകടനങ്ങളില്‍ മാറ്റുരച്ചു. വിവിധ ഇനങ്ങളില്‍ പങ്കെടുക്കാനുള്ള കുട്ടികളുടെ ആവേശവും രക്ഷിതാക്കളുടെ താല്പര്യവും കണ്ടുനിന്നവരുടെ മനം നിറച്ചു. മത്സരങ്ങളില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ പഞ്ചായത്ത് ഒരുക്കിയിരുന്നു. ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ പി. സി യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.  കലോത്സവത്തിന്റെ സമാപന സമ്മേളനവും സമ്മാനദാനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജ ബീഗം, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ആര്‍. സുഭാഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.