ശാസ്ത്രപരീക്ഷണങ്ങളോടെ റവന്യൂജില്ലാ ശാസ്ത്ര മേളയ്ക്ക് ഉജ്ജ്വല തുടക്കം

ശാസ്ത്രബോധവും യുക്തിചിന്തയും ഉള്ളവരായി വിദ്യാർഥികൾ വളരണമെന്ന് എസി മൊയ്തീൻ എംഎൽഎ. കുന്നംകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രമേളയുടെയും വൊക്കേഷണൽ എക്സ്പോയുടെയും ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളിൽ മതനിരപേക്ഷ ജനാധിപത്യ ബോധം ഉയർത്തണം. അതിൽ വെള്ളം ചേർത്ത് സമൂഹത്തിന്റെ പുരോഗതിയ്ക്ക് തടസ്സം നിൽക്കുന്ന പ്രവൃത്തി ഉണ്ടാകരുത്. അന്ധവിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നവരായി സമൂഹം മാറണമെന്നും അദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ മേളയ്ക്ക് തുടക്കം കുറിച്ച് പതാക ഉയർത്തി. കുന്നംകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ കുന്നംകുളം നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഇ ടി ടൈസൻ മാസ്റ്റർ വിശിഷ്ടാതിഥിയായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എ വി വല്ലഭൻ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ ,വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ , നഗരസഭാ വൈ. ചെയ്ർപേഴ്സൺ സൗമ്യ അനിലൽ ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, ടി സോമശേഖരൻ , എസിപി ടി എസ് സിനോജ്, വാർഡ് കൗൺസിലർമാരായ ബിജു സി ബേബി, ലെബീബ് ഹസ്സൻ , നഗരസഭാംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ശാസ്ത്ര മേളയുടെ ലോഗോ തയ്യാറാക്കിയ മറ്റം സെൻറ് ഫ്രാൻസിസ് ഹൈസ്കൂളിലെ ചിത്രകല അധ്യാപകൻ ജോൺസൺ നമ്പഴിക്കാടനെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥികളുടെ പഠന മികവ് അറിയുന്നതിന് ആപ്പ് രൂപപ്പെടുത്തിയ മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ വിദ്യാർത്ഥികളായ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നിവരെയും ആദരിച്ചു.