കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നവംബർ 22 മുതൽ 26 വരെ മാനാഞ്ചിറ സി എസ് ഐ ഹാളിൽ നടക്കുന്ന വ്യവസായ പ്രദർശന വിപണന മേള 2022-23 ന്റെ ലോഗോ പ്രകാശനം കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് നിർവഹിച്ചു.
സംരംഭക വർഷത്തിന്റെ ഭാഗമായി ജില്ലയിലെ സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ മേഖലയിലെ സംരംഭകരുടെ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് മേള സംഘടിപ്പിക്കുന്നത്. പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കരകൗശല മേഖലയിലെ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും മേളയിൽ ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബിജു പി. എബ്രഹാം, മാനേജർ ബാലരാജൻ, അസിസ്റ്റന്റ് ഡയറക്ടർ പി നിതിൻ, വ്യവസായ വികസന ഓഫീസർ ശ്രീജിത്ത്, കോർപ്പറേഷൻ വ്യവസായ ഇന്റെൺസ് എന്നിവർ പങ്കെടുത്തു. വ്യവസായ വികസന ഓഫീസർ നന്ദകുമാറാണ് ലോഗോ തയ്യാറാക്കിയത്.