അതി ദാരിദ്ര്യ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള കുടുംബങ്ങൾക്ക് മരുന്ന്, ചികിത്സ തുടങ്ങിയ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള 37 കുടുംബങ്ങൾക്കായി തൂങ്ങാലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് മെഡിക്കൽ ക്യാംപ് നടത്തിയത്.

ക്യാംപിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് നിർവഹിച്ചു. ജനറൽ ഒ.പി സേവനവും ജീവിത ശൈലി രോഗങ്ങളുടെ പരിശോധനയും ഫിസിയോതെറാപ്പിയും വിഷൻ ടെസ്റ്റും ലബോറട്ടറി സൗകര്യവും മെഡിക്കൽ ക്യാംപിൽ ലഭ്യമാക്കിയിരുന്നു.

അതി ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി അവർക്കാവശ്യമായ പിന്തുണയും സഹായവും ഉറപ്പാക്കി മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്താൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് അതി ദാരിദ്ര്യ നിർമ്മാർജ്ജനം.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി കൃഷ്ണൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ഷീബ ചാക്കപ്പൻ, ബിജു പീറ്റർ, പഞ്ചായത്ത് മെമ്പർമാരായ ആൻസി ജോബി, ടി. ബിജു, ബേസിൽ കല്ലറയ്ക്കൽ, പി.വി പീറ്റർ, ജിനു ബിജു, കെ.എസ് ശശികല, വിനു സാഗർ, മരിയ സാജ് മാത്യു, മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ്, പഞ്ചായത്ത് സെക്രട്ടറി അഫ്സൽ രാജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബേബി മോൾ, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ പങ്കെടുത്തു.