കാരാപ്പുഴ, ബാണാസുര സാഗര്‍ പദ്ധതികള്‍ 2024 -25 വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും.

കടമാൻ തോട്, തൊണ്ടാര്‍ ഇടത്തരം ജലസേചന പദ്ധതികള്‍ പ്രദേശത്തെ ജനങ്ങളുടെ ആശങ്കകള്‍ സുതാര്യമായ നടപടികളിലൂടെ പരിഹരിച്ച് മാത്രമേ നടപ്പാക്കാൻ തീരുമാനമെടുക്കുകയുള്ളൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇരു പദ്ധതികളെ കുറിച്ചും സമഗ്രമായി പഠനം നടത്തി സമയബന്ധിതമായി റിപ്പോര്‍ട്ട് നല്‍കാന്‍ കേരള എഞ്ചിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിനെ (കെ.ഇ.ആർ.ഐ) ചുമതലപ്പെടുത്തും.
ലഭ്യമാകുന്ന റിപ്പോര്‍ട്ട് ബന്ധപ്പെട്ട പഞ്ചായത്തുകളുടെയും എം.എല്‍.എ മാരടക്കമുളള ജനപ്രതിനിധകളുടെയും മുമ്പാകെ അവതരിപ്പിച്ച് കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി സുതാര്യതയോടെ മാത്രമെ പദ്ധതിയുമായി മുന്നോട്ടു പോകുകയുളളുവെന്നും മന്ത്രി പറഞ്ഞു. കബനി തടത്തിലെ കാവേരി ജലവിഹിത വിനിയോഗവുമായി ബന്ധപ്പെട്ട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കടമാന്‍തോട്, തൊണ്ടാര്‍ പദ്ധതികളുടെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് യഥാക്രമം 2.95 കോടിയുടെയും 2.63 കോടിയുടെയും ഭരണാനുമതി നല്‍കേണ്ടതുണ്ട്. കേരള എഞ്ചിനിയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് മാത്രമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക എന്നും മന്ത്രി പറഞ്ഞു.

കാവേരി നദീ ജല തര്‍ക്കവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയിലൂടെ കബനി തടത്തില്‍ നിന്നും സംസ്ഥാനത്തിന് അനുവദിച്ച് കിട്ടിയ 21 ടി.എം.സി ജലം പരമാവധി വിനിയോഗിക്കേണ്ടതുണ്ട്. ജില്ലയിലെ പ്രധാന പദ്ധതികളായ കാരാപ്പുഴ (2.8 ടി.എം.സി) , ബാണാസുര സാഗര്‍ – (0.84 ടി.എം.സി) എന്നിവയിലൂടെയും ഇതര ജലസേചന പദ്ധതികളിലൂടെയും ആകെ 5.80 ടി.എം.സി വെള്ളം മാത്രമാണ് വിനിയോഗിക്കുന്നത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഏഴ് ഇടത്തരം ഡാമുകള്‍ കൂടി പണിത് 11.51 ടി.എം.സി. വെളളം കൂടി ഉപയോഗപ്പെടുത്തുവാന്‍ പദ്ധതികള്‍ വിഭാവനം ചെയ്‌തെങ്കിലും വിവിധങ്ങളായ കാരണത്താന്‍ 6.58 ടി.എം.സി സംഭരണ ശേഷിയിലേക്ക് പദ്ധതികള്‍ ചുരുക്കേണ്ടി വന്നു.

കടമാന്‍ തോട് പദ്ധതി നേരത്തെ വിഭാവനം ചെയ്തത് 1.51 ടി.എം.സി സംഭരണശേഷിയിലും തൊണ്ടാര്‍ 0.40 ടി.എം.സിയിലുമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന ആശങ്കകള്‍ പരിഗണിച്ച് ഇത് യഥാക്രമം 0.51 ടി.എം.സിയായും 0.30 ടി.എം.സിയായും കുറക്കേണ്ടി വന്നു. 2033 ല്‍ സുപ്രീംകോടതി നിലവിലെ വിധി പുന:പരിശോധിക്കുന്നതിനാല്‍ സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട ജലവിഹിതം പരമാവധി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. ചെറുകിട, ഇടത്തര ജല സംഭരണികള്‍ സ്ഥാപിക്കുന്നതോടൊപ്പം കൃഷിയിടങ്ങളിലേക്ക് നേരിട്ട് ജലസേചന സൗകര്യമെത്തിക്കുന്നതുള്‍പ്പെടെയുളഇതര മാര്‍ഗങ്ങളുടെ സാധ്യതയും പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.

കാരാപ്പുഴ, ബാണാസുര സാഗര്‍ പദ്ധതികള്‍ 2024 -25 വര്‍ഷത്തില്‍ പൂര്‍ത്തീകരിക്കും. കാരാപ്പുഴയ്ക്ക് 17 കോടി രൂപയും ബാണാസുര സാഗറിന് 12 കോടിയും ഈ സാമ്പത്തിക വര്‍ഷം അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ എം.എല്‍.എമാരായ ടി. സിദ്ധീഖ്, ഐ.സി ബാലകൃഷ്ണന്‍, ഒ.ആര്‍ കേളു, ജില്ലാ കളക്ടര്‍ എ.ഗീത, ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനിയര്‍ (കോഴിക്കോട് മേഖല) എം. ശിവദാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കടമാന്‍തോട് അസിസ്റ്റന്റ് എഞ്ചിനിയര്‍ പി.എം. സുര്‍ജിത്ത് പദ്ധതിയും മാതൃക ഇന്‍സ്റ്റലേഷനും വിശദീകരിച്ചു. ജലവിഭവ വകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു