തൊഴില്‍സഭ ജില്ലാതല ഉദ്ഘാടനം കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ നിര്‍വഹിച്ചു. അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് അവരുടെ കഴിവിനും ശേഷിക്കുമനുസരിച്ച് നൈപുണ്യം ഉണ്ടാക്കുന്നതിനും തൊഴില്‍ ലഭ്യമാക്കുന്നതിനും തൊഴില്‍സഭകള്‍ സഹായിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ പറഞ്ഞു. സമൂഹത്തില്‍ ഏറ്റവും നന്നായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് യുവാക്കളുടെ തൊഴില്‍. അത് സര്‍ക്കാരിന്റെ ഭാഗമായി തൊഴില്‍സഭ പോലുള്ള പ്രവര്‍ത്തനങ്ങളിലൂടെ നടപ്പാക്കുകയാണ്. യുവാക്കളുടെ വ്യക്തിപരമായ നേട്ടം സമൂഹത്തില്‍ നല്ല പ്രവര്‍ത്തനങ്ങള്‍ ചെയ്ത് കൊണ്ടാകണം. അവര്‍ ആഗ്രഹിക്കുന്ന തൊഴില്‍ നേടുന്നതിന് ആര്‍ജിക്കേണ്ട നൈപുണി ശേഷി ഉണ്ടാക്കുന്നതിന് വേണ്ട സഹായങ്ങള്‍ വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ മുഖേന നല്‍കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കണ്ണാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ലത അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി മുഖ്യാതിഥിയായി.
പരിപാടിയില്‍ തൊഴില്‍സഭ എന്ത്, എന്തിന് എന്നിവ സംബന്ധിച്ച വീഡിയോ പ്രദര്‍ശനം, സംരംഭക തത്പരര്‍, സംരംഭദായകര്‍, സംരംഭകര്‍, രജിസ്റ്റര്‍ ചെയ്ത തൊഴിലന്വേഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഗ്രൂപ്പ് ചര്‍ച്ച, വിവിധ വകുപ്പുകള്‍ നല്‍കുന്ന ധനസഹായ പദ്ധതികള്‍ പരിചയപ്പെടുത്തല്‍ എന്നിവ നടന്നു. കൂടാതെ തൊഴിലന്വേഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അവരുടെ ആവശ്യങ്ങള്‍, സംശയങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്തു. തൊഴിലന്വേഷകരെ തിരിച്ചറിയുകയും, അനുയോജ്യമായ തൊഴില്‍ സാധ്യതകള്‍ കണ്ടെത്തുകയും കേരളത്തിനും രാജ്യത്തിനും അകത്തും പുറത്തുമുള്ള തൊഴിലുകളിലേക്ക് തൊഴിലന്വേഷകരെ നയിക്കുകയുമാണ് തൊഴില്‍സഭകളിലൂടെ ലക്ഷ്യമിടുന്നത്.
നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി കേരള നോളേജ് എക്കണോമി മിഷന്റെ നേതൃത്വത്തിലാണ് തൊഴില്‍സഭകള്‍ സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും അതത് പ്രദേശങ്ങളിലാണ് തൊഴില്‍സഭകള്‍ സംഘടിപ്പിക്കുന്നത്. എന്റെ തൊഴില്‍ എന്റെ അഭിമാനം, ഒരു ലക്ഷം തൊഴില്‍ സംരംഭങ്ങള്‍, ആയിരം പേരില്‍ അഞ്ച് പേര്‍ക്ക് തൊഴില്‍ എന്നതിന് പുറമേ കുടുംബശ്രീ വഴിയുള്ള വിവിധ തൊഴില്‍ദായക പരിപാടികള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് തൊഴില്‍സഭകളിലൂടെ ചെയ്യുന്നത്. പ്രാദേശിക സാമ്പത്തിക വികസനത്തിനും സ്ത്രീ ശാക്തീകരണത്തിനും പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും തൊഴില്‍സഭകള്‍ സഹായകരമാകും.
പരിപാടിയില്‍ തൊഴില്‍സഭ ജില്ലാ കോ-ഓര്‍ഡിനേഷന്‍ സമിതി കണ്‍വീനര്‍ കെ.പി വേലായുധന്‍, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി. സേതുമാധവന്‍, ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, ജില്ലാപഞ്ചായത്ത് അംഗം എം. ശ്രീധരന്‍, കണ്ണാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയന്‍ സുകുമാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി ഉദയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി. ലത, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എം. കലാവതി, ഗ്രാമപഞ്ചായത്തംഗം എ. രമേശ്, സംരംഭകര്‍ എന്നിവര്‍ പങ്കെടുത്തു.
