അടിമാലിയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അഡ്വ. എ. രാജ എംഎല്‍എയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ രണ്ടാം ഘട്ട ആലോചനാ യോഗം ചേര്‍ന്നു. മുമ്പ് പ്രഖ്യാപിച്ച സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണ ആരംഭവും പൂര്‍ത്തീകരണവും അടിമാലിയുടെ സ്വപ്ന പദ്ധതിയാണ്. ഇതിനെ തുടര്‍ന്നാണ് സിവില്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം കണ്ടെത്തുന്നത് സംബന്ധിച്ച തീരുമാനം കൈകൊള്ളുന്നതിനായി അഡ്വ. എ. രാജ എംഎല്‍എയുടെ നേതൃത്വത്തില്‍ അടിമാലിയില്‍ രണ്ടാം ഘട്ട ആലോചനാ യോഗം ചേര്‍ന്നത്. സ്ഥല ലഭ്യതയാണ് സിവില്‍ സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിലെ വെല്ലുവിളിയെന്നും സ്ഥലം കണ്ടെത്താനായാല്‍ തുടര്‍ ഇടപെടലുകള്‍ വേഗത്തിലാക്കാനാകുമെന്നും എംഎല്‍എ യോഗത്തില്‍ പറഞ്ഞു.
സ്ഥല ലഭ്യതയുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങളും തുടര്‍ പ്രവര്‍ത്തനത്തിന് സ്വീകരിക്കേണ്ടുന്ന നടപടികളും യോഗം ചര്‍ച്ച ചെയ്തു. ടൗണ്‍ പരിസരത്തെ സര്‍ക്കാര്‍ ഭൂമിയുടെ അപര്യാപ്തത പദ്ധതി നടത്തിപ്പിന് വെല്ലുവിളിയാകുന്നുവെന്ന് യോഗം വിലയിരുത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇതേ വിഷയത്തില്‍ ഒന്നാംഘട്ട ആലോചനാ യോഗം ചേര്‍ന്നിരുന്നു. ടൗണില്‍ പലയിടത്തായുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ ഒരു കുടക്കീഴിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് പോകുന്നത്. അടിമാലി വ്യാപാരഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ആലോചനാ യോഗത്തില്‍ അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനിതാ സജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.