അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തും അണ്ടൂർക്കോണം സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി നടപ്പാക്കുന്ന ‘ആരോഗ്യഗ്രാമം’ പദ്ധതി ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പരിധിയിൽ വരുന്ന 30 വയസിനു മുകളിൽ പ്രായമുള്ള എല്ലാവരുടെയും ജീവിതശൈലി രോഗനിർണയം നടത്തുകയാണ് പദ്ധതിലക്ഷ്യം. പഞ്ചായത്ത് നേതൃത്വം നൽകുന്ന ആരോഗ്യ സംരക്ഷണയജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. അതോടൊപ്പം പാലിയേറ്റിവ് രോഗികൾക്ക് വീൽ ചെയറും, വാക്കറും മന്ത്രി വിതരണം ചെയ്തു.
പദ്ധതിപ്രകാരം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചുകൊണ്ട് ജീവിതശൈലി രോഗനിർണയം നടത്തുന്നു . തുടർ ചികിത്സ ആവശ്യമുള്ളവർക്ക് എല്ലാ വ്യാഴാഴ്ചകളിലും സബ് സെന്ററുകളിൽ അതിനുള്ള സൗകര്യമൊരുക്കും. കൂടാതെ ക്യാൻസർ ഫസ്റ്റ് ചെക്ക്, വിഷാദ രോഗ പരിശോധന, ആരോഗ്യസംരക്ഷണ ബോധവത്കരണ ക്ലാസ്സുകൾ എന്നിവയും ഇതിനോടനുബന്ധിച്ച് നടക്കും. കുട്ടികളുടെയും മുതിർന്നവരുടെയും മാനസിക സമ്മർദ്ദം കുറക്കുന്നതിലേക്കായി വിവിധ കേന്ദ്രങ്ങളിൽ സൗജന്യ യോഗ പരിശീലന ക്ലാസുകൾ ആരംഭിക്കും. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഉനൈസാ അൻസാരി, വാർഡ് മെമ്പർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുത്തു.