ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ തീര്‍ത്ഥാടനപാതയിലെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി തീര്‍ത്ഥാടനപാതയിലൂടെ യാത്ര നടത്തി പത്തനംതിട്ട ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍. പത്തനംതിട്ട മുതല്‍ പമ്പ വരെ തീര്‍ത്ഥാടകരെത്തുന്ന പ്രധാന പാതയിലെ സ്ഥലങ്ങളായ മണ്ണാറക്കുളഞ്ഞി റോഡ്, കാരയ്ക്കാട് അക്യുഡേറ്റ്, വടശേരിക്കര ഇടത്താവളം, ബംഗ്ലാംകടവ്, പ്രയാര്‍ മഹാവിഷ്ണുക്ഷേത്രം, മാടമണ്‍കടവ്, അമ്പലക്കടവ്, പൂവത്തുംമൂട്, പെരുനാട് ഇടത്താവളം, ളാഹ, പ്ലാപ്പള്ളി എന്നിവിടങ്ങളാണ് കളക്ടറും സംഘവും സന്ദര്‍ശിച്ചത്. ഇടത്താവളങ്ങളില്‍ കുടിവെള്ളം, കിടക്കാനുള്ള സൗകര്യങ്ങള്‍, ശുചിമുറി എന്നിവ ഉറപ്പാക്കി.

കൂടാതെ അപകടസാധ്യത കണക്കിലെടുത്ത് ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സ്ഥലങ്ങള്‍ പരിശോധിക്കുകയും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഭക്തര്‍ കുളിക്കാന്‍ ഇറങ്ങാന്‍ സാധ്യതയുള്ള കടവുകളില്‍ മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.തിരക്കുണ്ടാകുന്ന സ്ഥലങ്ങള്‍, അഗ്‌നിബാധ, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങള്‍, അപ്പം-അരവണ ലഭ്യമാകുന്ന സ്ഥലം, വെടിവഴിപാടിനുള്ള സ്ഥലം, ഗ്യാസ് സൂക്ഷിച്ചിരിക്കുന്ന സ്ഥലം എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും പ്രത്യേകമായി അടയാളപ്പെടുത്തിയ ഭൂപടം ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയിട്ടുണ്ട്. മാത്രമല്ല, അപകടസാധ്യതയുള്ള അഞ്ച് സ്ഥലങ്ങള്‍ പ്രത്യേകമായി കണ്ടെത്തിയിട്ടുമുണ്ട്.

ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, ഡിവൈഎസ്പിമാരായ എസ്.നന്ദകുമാര്‍, ജി.സന്തോഷ് കുമാര്‍, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ഷഫീര്‍ഖാന്‍, ഹസാര്‍ഡ് അനലിസ്റ്റ് ജോണ്‍ റിച്ചാര്‍ഡ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ കളക്ടറെ അനുഗമിച്ചു.