ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കും ലഭ്യമാകുന്നു എന്ന് ജാഗ്രത സമിതികൾ ഉറപ്പുവരുത്തണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ജാഗ്രത സമിതികളുടെ പ്രവർത്തനങ്ങൾ പഠിക്കുന്നതിനും സജീവമാക്കുന്നതിനും വേണ്ടി സർവ്വകലാശാലതലത്തിൽ സംസ്ഥാന പ്ലാൻ പദ്ധതി അനുസരിച്ച് നടക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം കുമളി വൈ.എം. സി. എ. ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ വകുപ്പുകളുമായി ഏകോപനത്തോടെ തദ്ദേശ സ്വയഭരണ സ്ഥാപന തലത്തിലും വാർഡ് തലത്തിലും ജാഗ്രത സമിതികൾ മികച്ച രീതിയിൽ പ്രവർത്തിക്കണം. നമ്മുടെ സമൂഹത്തെ ആഴത്തിൽ ജനാധിപത്യവത്കരിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയതാണ് ജാഗ്രത സമിതികൾ.
കുടുംബഘടനയെ ജനാധിപത്യവത്കരിക്കണമെന്നും ആ മേഖലയിലേക്ക് ജാഗ്രത സമിതികളുടെ പ്രവർത്തനം വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. യാന്ത്രികമായ പ്രവർത്തിക്കുക എന്നതിനപ്പുറം സമൂഹത്തിൽ ഏത് തരത്തിൽ ജാഗ്രത സമിതിക്ക് ഇടപ്പെടാൻ കഴിയും, എന്ത് ഗുണകരമായ മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നു എന്നുള്ളതാണ് പ്രധാനം എന്നും അദ്ദേഹം ഓർമിപ്പിച്ചു. മധ്യസ്ഥതക്കുള്ള വേദിയല്ല ജാഗ്രത സമിതികൾ. ക്രിമിനൽ സ്വഭാവമുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്ന നടപടികൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
`ക്ലീൻ കുമളി, ഗ്രീൻ കുമളി´ പദ്ധതി ഡോക്യുമെന്റെഷൻ റിപ്പോർട്ട് കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന് നൽകി മന്ത്രി പ്രകാശനം ചെയ്തു.
എം. ജി . സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷനും കിലയും സംയുക്തമായാണ് ‘ ജാഗ്രത സമിതി അറിവും അനുഭവങ്ങളും ‘ എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിച്ചത്. സ്ത്രീകൾ അനുഭവിക്കുന്ന യാതനകൾ പുറത്തെത്തിച്ച് നിയമപരമായ സംരക്ഷണം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള വനിതാ കമ്മീഷൻ സംസ്ഥാനത്ത് ജാഗ്രത സമിതികൾ രൂപീകരിച്ചത്. എല്ലാ വിഭാഗം സ്ത്രീകളിലേക്കും കടന്നുചെല്ലാനും അവർ അനുഭവിക്കുന്ന പ്രശ്നങ്ങളിൽ നിയമപരമായ പരിഹാരം ഉണ്ടാക്കുകയുമാണ് സമിതികളിലൂടെ ഉദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാന – ജില്ലാ – ബ്ലോക്ക് പഞ്ചായത്ത് തലങ്ങളിൽ രൂപീകരിച്ചിട്ടുള്ള ജാഗ്രത സമിതികൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാഷണങ്ങളും ശില്പശാലകളും സംഘടിപ്പിക്കുന്നത്.
എം. ജി . സർവകലാശാല പ്രോ-വൈസ് ചാൻസലർ ഡോ. സി. പി. അരവിന്ദ് കുമാർ അധ്യക്ഷത വഹിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയ് ഇളമൺ മുഖ്യപ്രഭാഷണം നടത്തി.ഡീൻ കുര്യാക്കോസ് എം.പി.,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം . നൗഷാദ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ, മുൻ കുമളി പഞ്ചായത്ത് പ്രസിഡന്റ് എം. എസ്. വാസു, എം. ജി. സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസ്, എം. ജി . സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് ആൻഡ് എക്സ്റ്റൻഷൻ ഡയറക്ടർ ഡോ. കെ. എം. സീതി, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിൽ ജാഗ്രത സമിതി പ്രവർത്തനം വളരെ ഫലപ്രദമായി നടപ്പാക്കിയ പഞ്ചായത്തുകളിൽ ഒന്നാണ് കുമളി.