പൈതൃക പ്രദർശന വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു

വയനാട് ആഭ്യന്തര സഞ്ചാരികളുടെ പറുദീസയായി മാറിയെന്നും കോവിഡാനന്തര ടൂറിസത്തിൽ ജില്ലക്ക് മുന്തിയ പരിഗണനയാണ് ലഭിക്കുന്നതെന്നും ടൂറിസം- പൊതുമരാമത്ത്- യുവജനക്ഷേമ വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പിൻ്റെ തലശ്ശേരി പൈതൃക പദ്ധതിയുടെ ഭാഗമായി വളളിയൂർക്കാവിൽ നിർമ്മാണം പൂർത്തീകരിച്ച വളളിയൂർക്കാവ് പൈതൃക പ്രദർശന വിപണന കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വള്ളിയൂർക്കാവിൻ്റെ പൈതൃകത്തെ വരും തലമുറക്ക് പരിചയപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. മലബാർ ടൂറിസത്തെ നയിക്കുന്ന വയനാട് ജില്ലക്ക് മുതൽക്കൂട്ടാകുന്ന പദ്ധതിയാണിത്. ജൈൻ സർക്യൂട്ടുകൾ പോലുള്ള പൈതൃക സർക്യൂട്ടുകൾ വയനാട് ടൂറിസത്തിന് പ്രചോദനമാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഒ.ആർ കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. രാഹുൽ ഗാന്ധി എം.പി യുടെ സന്ദേശം ചടങ്ങിൽ വായിച്ചു. പദ്ധതിയുടെ നിർമ്മാണത്തിൽ പങ്കു വഹിച്ച സ്പേസ് ആർട്ട് കോഴിക്കോട്, കെൽ ലിമിറ്റഡ്, എ.കെ കൺസ്ട്രക്ഷൻസ് എന്നീ സ്ഥാപനങ്ങൾക്കുള്ള ഉപഹാരം മന്ത്രി ചടങ്ങിൽ വെച്ച് നൽകി. വള്ളിയൂർക്കാവ് ക്ഷേത്രത്തിൻ്റെ ഉപഹാരം ക്ഷേത്രം പാരമ്പര്യ ട്രസ്റ്റി ഏച്ചോം ഗോപി ചടങ്ങിൽ വെച്ച് മന്ത്രിക്ക് നൽകി.

വള്ളിയൂർക്കാവ് ഡവലപ്പ്മെൻറ് ഓഫ് മാർക്കറ്റ് & എക്സിബിഷൻ സ്പേസ് പദ്ധതിയുടെ ഭാഗമായാണ് വിപണന കേന്ദ്രം ഒരുക്കിയിട്ടുള്ളത്. 4 കോടി 87 ലക്ഷം മുടക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്. വള്ളിയൂർക്കാവിൻ്റെ ചരിത്രവും പൈതൃകവും തിരികെ എത്തിക്കുന്നതിൻ്റെ ഭാഗമായി സ്ഥിരമായ ചന്തകൾക്കുള്ള സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. പരമ്പരാഗത ഉല്പ്ന്നങ്ങളുടെ പ്രദർശന വിപണനത്തിനായി ഒരുക്കിയിട്ടുള്ള സംരംഭം വളളിയൂർക്കാവിനും വയനാടിൻ്റെ ടൂറിസം മേഖലക്കും പ്രചോദനമാകും.

മാനന്തവാടി നഗരസഭ ചെയർപേഴ്സേൺ സി.കെ രത്നവല്ലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി.എസ് മൂസ, ഡിവിഷൻ കൗൺസിലർ കെ.സി സുനിൽകുമാർ, മലബാർ ദേവസ്വം ബോർഡ് മെമ്പർ കെ. രാമചന്ദ്രൻ, ദേവസ്വം ബോർഡ് കമ്മീഷണർ കെ.പി മനോജ്, ദേവസ്വം ബോർഡ് അസി. കമ്മീഷണർ എൻ.കെ ബൈജു, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡി.വി പ്രഭാത്, ഡി.ടി.പി.സി സെക്രട്ടറി കെ.ജി അജേഷ്, ക്ഷേത്രം പാരമ്പര്യേതര ട്രസ്റ്റി ടി.കെ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.