ലോക ശൗചാലയദിനത്തോടനുബന്ധിച്ച് ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വിവിദ പരിപാടികള്‍ സംഘടിപ്പിച്ചു. വൃത്തിയുടെ സന്ദേശങ്ങള്‍ ഓടിയെത്തട്ടെ നാടെങ്ങും എന്ന സന്ദേശമുയര്‍ത്തി ജില്ലയിലുടനീളം വിദ്യാര്‍ത്ഥികള്‍ വഴി പ്രചരണം നടത്തുന്നതിന്റെ ഭാഗമായി സംഘടിക്കപ്പെട്ട ‘സ്വച്ചതാ റണ്‍ ‘(ഓടിയെത്താം ശുചിത്വത്തില്‍ ഒന്നാമത് ) തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ കൂട്ടയോട്ടത്തില്‍ പങ്കെടുത്തു. കക്കൂസ് മാലിന്യം ഭൂമിയെയും ജലത്തെയും മലിനമാക്കുന്നതില്‍ നിന്നും തടയുന്നതിനുള്ള ബോധവല്‍ക്കരണ ക്യാമ്പയിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ട്വിന്‍ പിറ്റ് അഭിയാന്‍, സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ‘മലം ഭൂതം ‘ ക്യാമ്പയിനുകളുടെ ഭാഗമായി ഗ്രാമ പഞ്ചായത്തുകളില്‍ സ്വച്ഛത സംവാദ് പരിശീലനവും നടത്തി. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ഹരിത കര്‍മ്മ സേനാംഗങ്ങള്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു. മാലിന്യ സംസ്‌കരണ ചുമതലയുള്ള വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. മാലിന്യം ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തം എന്ന ലക്ഷ്യത്തോട ഗ്രാമ പഞ്ചായത്തുകളില്‍ സ്വച്ചതാ പ്രതിജ്ഞയും ചൊല്ലി. പൊതുജനാരോഗ്യ സംരക്ഷണത്തിന്റെയും, പൊതു ശുചിത്വത്തിന്റെയും പ്രധാന്യം ജനങ്ങളിലേയ്ക്ക് എത്തിയ്ക്കുന്നതിനായാണ് നവംബര്‍ 19 ലോക ശൗചാലയ ദിനമായി ആചരിക്കുന്നത്.
