തിരുവനന്തപുരം: കായിക യുവജന കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കുട്ടികളകള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ജൂഡോ പരിശീലന പദ്ധതി ‘ജുഡോക’ക്ക് ജില്ലയില്‍ തുടക്കമായി. അരുവിക്കര ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച പരിശീലനം ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എട്ടു മുതല്‍ 11 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പദ്ധതിയുടെ കീഴില്‍ ജൂഡോ പരിശീലനം നല്‍കുന്നത്. ജൂഡോയില്‍ അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ശാസ്ത്രീയമായ പരിശീലനം നല്‍കുകയും അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെ സൃഷ്ടിക്കുകയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് 10 ജില്ലാ കേന്ദ്രങ്ങളിലാണ് ജുഡോക നടപ്പിലാക്കുന്നത് . ഓരോ കേന്ദ്രത്തിലും 40 കുട്ടികളെ വീതമാണ് പരിശീലിപ്പിക്കുന്നത്. കൂടാതെ വിവിധ ഉപകേന്ദ്രങ്ങളും പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കും.
തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം പരിശീലനം നല്‍കും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സെഷനുകളാണ് സംഘടിപ്പിക്കുക. ജൂഡോ മാറ്റുകള്‍, മറ്റനുബന്ധ പരിശീലന ഉപകരണങ്ങള്‍, അജിലിറ്റി ലാഡറുകള്‍, പരിശീലകര്‍ക്ക് ജൂഡോ റോബ് എന്നിവ ഓരോ കേന്ദ്രത്തിനും ലഭ്യമാക്കിയിട്ടുണ്ട്. പരിശീലന വേളയില്‍ കുട്ടികള്‍ക്കായി ലഘുഭക്ഷണവും ക്രമീകരിക്കും. എന്‍.ഐ.എസ് അംഗീകാരമുള്ള രണ്ട് ഔദ്യോഗിക പരിശീലകരെയും നിയമിക്കും. പരിശീലന കേന്ദ്രങ്ങളിലെ പ്രകടനം പരിശോധിക്കുന്നതിനായി മൂന്ന് മാസത്തില്‍ ഒരിക്കല്‍ ടെക്‌നിക്കല്‍ കമ്മിറ്റികള്‍ പരിശീലന കേന്ദ്രം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തും.