ജല ജീവൻ മിഷനിൽ ഉൾപ്പെട്ട വിവിധ പ്രവൃത്തികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ജല ശുചിത്വ സമിതി അവലോകന യോഗം കലക്ടറുടെ ചേംബറിൽ ചേർന്നു. ജല ജീവൻ മിഷൻ പദ്ധതിയിൽ ആദിവാസിമേഖലകൾക്കും എസ് സി കോളനികൾക്കും മലയോര പ്രദേശങ്ങൾക്കും മുൻഗണന നൽകി വെള്ളം എത്തിക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന് ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്‌ഡി നിർദ്ദേശിച്ചു. ജല ജീവൻ മിഷൻ പദ്ധതിയെ സംബന്ധിച്ച അവബോധം ജനങ്ങളിലേക്കെത്തിക്കുവാൻ ഐ എസ് എ കളുടെ പ്രവർത്തനം ഊർജ്ജിതമാക്കണം. കൂടാതെ എം.എൽ.എ മാരെ ഉൾപ്പെടുത്തി ജല ജീവൻ മിഷൻ പ്രവർത്തനങ്ങളെ പറ്റി കൂടുതൽ അവബോധം നൽകുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകണമെന്നും കലക്ടർ നിർദ്ദേശം നൽകി.
വടകര ക്വാളിറ്റി കൺട്രാൾ ഡിവിഷന്റെ സമീപത്തായി എൽ.ഇ.ഡി ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്ത് അനുമതി നൽകി. ജലത്തിന്റെ ഗുണനിലവാര പരിശോധനയുടെ ആവശ്യകതയെകുറിച്ച് ജനങ്ങൾക്ക് അവബോധം ഉണ്ടാക്കുന്നതിന് ഇത്തരം ബോർഡുകൾ സഹായകരമാകുമെന്നും പൊതുജനങ്ങൾക്ക് ദ്യശ്യമാകുന്ന വിധത്തിലായിരിക്കണം ഇവ സ്ഥാപിക്കേണ്ടതെന്നും കലക്ടർ ആവശ്യപ്പെട്ടു.
ജല ജീവൻ മിഷൻ വളണ്ടിയർമാരുടെ ശാക്തീകരണത്തിനായി 3 ബാച്ചുകളിലായി 5 ദിവസത്തെ ട്രെയിനിംഗ് നടത്തണമെന്നും ഇതിനായി ചെലവ് വരുന്ന 6.6 ലക്ഷം രൂപ ജല ജീവൻ മിഷൻ ഫണ്ടിൽ നിന്നും ലഭ്യമാക്കാനും കളക്ടർ നിർദ്ദേശം നൽകി. വിവിധ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നതിലേക്കായി ജില്ലാ തലത്തിൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം യോഗം അംഗീകരിച്ചു. ഇതിലേക്കാവശ്യമായ ജീവനക്കാരെ നിയമിക്കുന്നതിന് മൂന്നംഗ കമ്മീഷനെ നിയമിച്ച് ചുമതല നൽകണമെന്നും യോഗത്തിൽ നിർദ്ദേശം വന്നു. ഐ എസ് എ ഏജൻസികൾ സമർപ്പിച്ച വിവിധ ക്ലയിമുകളും യോഗം അംഗീകരിച്ചു.
ജില്ലയിൽ ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾ നിർവഹിക്കുന്നത് കേരള വാട്ടർ അതോറിറ്റി ആണ്. കേരള വാട്ടർ അതോറിറ്റി പ്രോജക്ട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറും ഡിഡബ്ല്യുഎസ്എം മെമ്പർ സെക്രട്ടറിയുമായ എ അരുൺ കുമാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഡിഡിസി എം. എസ് മാധവിക്കുട്ടി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ലത്തീഫ് എ.വി, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി.ആർ. മായ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, തുടങ്ങിയവർ പങ്കെടുത്തു.