സംസ്ഥാന യുവജനക്ഷേമ ബോര്‍ഡും പൂവച്ചല്‍ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022ന് തുടക്കമായി. ജി. സ്റ്റീഫന്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്തു. പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. സനല്‍കുമാര്‍  അധ്യക്ഷനായി. മുഖ്യധാരാ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്ത ഗ്രാമപ്രദേശങ്ങളിലെ യുവതി – യുവാക്കളുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുകയാണ് കേരളോത്സവം ലക്ഷ്യമിടുന്നത്.

കാണികള്‍ക്ക് ആവേശം പകര്‍ന്ന വോളിബോള്‍ മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പൂവച്ചല്‍ ഗ്രാമപഞ്ചായത്തില്‍ സ്ഥിര താമസമുള്ള 15 നും 40 നുമിടയില്‍ പ്രായമുള്ള  വിദ്യാര്‍ത്ഥി – വിദ്യാര്‍ത്ഥിനികള്‍, യുവതിയുവാക്കള്‍ എന്നിവര്‍ക്കായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. രണ്ടാം ദിനം പൂവച്ചല്‍ യു. പി. എസ്സില്‍ കലാമത്സരങ്ങള്‍, മൂന്നാം ദിനം കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ അത്‌ലറ്റിക് മത്സരങ്ങള്‍, കബഡി, ഫുട്‌ബോള്‍, ക്രിക്കറ്റ് എന്നിവയും, നാലാം ദിനം പൂവച്ചലില്‍ വടംവലി, ഷട്ടില്‍, ചെസ്സ് തുടങ്ങിയ മത്സരങ്ങളും നടക്കും. നവംബര്‍ 30ന് നടക്കുന്ന സമാപന സമ്മേളനം ഐ. ബി. സതീഷ് എം.എല്‍.എ ഉദ്ഘാടനം  ചെയ്യും.