ഇയ്യാൽ-ചിറനെല്ലൂരിലെ ജനങ്ങൾക്കാവശ്യമായ വില്ലേജ് സേവനങ്ങൾ ഇനി സ്മാർട്ടാകും. ആധുനിക സൗകര്യങ്ങളോടെ ഇയ്യാൽ-ചിറനെല്ലൂർ ഗ്രൂപ്പ് വില്ലേജ് ഓഫീസ് ഒരുങ്ങി.റീബിൾഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. 1225 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം ഒരുക്കിയിട്ടുള്ളത്. ഫ്രണ്ട് ഓഫീസ്, വരാന്ത, വില്ലേജ് ഓഫീസർക്കുള്ള പ്രത്യേക മുറി, ഓഫീസ് സംവിധാനം, റെക്കോർഡ് റൂം, ഡൈനിങ്ങ് – മീറ്റിങ്ങ് ഹാൾ, ഭിന്നശേഷി സൗഹ്യദ ടോയ്ലറ്റ്, പൊതു ടോയ്‌ലറ്റ് തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുള്ളത്.

കാലപ്പഴക്കം വന്ന പഴയ വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാർട്ട് വില്ലേജ് ഓഫീസ് നിർമിച്ചത്. സംസ്ഥാന നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. ആറുമാസം കൊണ്ട് കെട്ടിടത്തിന്റെ പണി പൂർത്തീകരിക്കാനും കഴിഞ്ഞു.