തിരുവനന്തപുരം: പുരുഷന്മാര്‍ക്കുള്ള സ്ഥിരം കുടുംബാസൂത്രണ മാര്‍ഗ്ഗമായ നോ-സ്‌കാല്‍പല്‍ വാസക്ടമി (എന്‍.എസ്.വി) ക്യാമ്പുകള്‍ ഡിസംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ തിരുവനന്തപുരം ജില്ലയില്‍ സംഘടിപ്പിക്കുമെന്ന് ഡി.എം.ഒ ഡോ. ബിന്ദു മോഹന്‍ അറിയിച്ചു. പൂര്‍ണമായും സൗജന്യമായ എന്‍.എസ്.വി ലളിതവും സുരക്ഷിതവും രക്തസ്രാവമില്ലാത്തതും വേദനാരഹിതവുമാണ്. എന്‍.എസ്.വി കഴിഞ്ഞ് അരമണിക്കൂറിനുള്ളില്‍ വീട്ടില്‍ പോകാം. ഡിസംബര്‍ ഒന്നിന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും രണ്ടിന് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലും മൂന്നിന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും രാവിലെ 10 മണി മുതല്‍ 1 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് നടക്കുന്ന ആശുപത്രിയിലേക്ക് നേരിട്ടോ അടുത്തുള്ള ആരോഗ്യപ്രവര്‍ത്തകര്‍ വഴിയോ എത്താം. ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ക്യാമ്പ് നടത്തുന്ന ആശുപത്രികളിലേക്കും തിരിച്ചും വാഹന സൗകര്യം ഉണ്ടായിരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സ്പെഷ്യല്‍ ക്യാഷ്വല്‍ ലീവ് ലഭിക്കും. എന്‍.എസ്.വിക്ക് വിധേയമാകുന്ന എല്ലാവര്‍ക്കും 1100 രൂപ ധനസഹായം ലഭിക്കും. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു.