കഠിനംകുളം ഗ്രാമപഞ്ചായത്തും പുതുക്കുറിച്ചി കുടുംബാരോഗ്യകേന്ദ്രവും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേള വി. ശശി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന ‘വിമുക്തി ഗോള്‍ ചലഞ്ചില്‍’ എം. എല്‍. എ ലഹരിക്കെതിരെ ആദ്യ ഗോള്‍ അടിച്ചു. ജീവിതശൈലി രോഗ നിയന്ത്രണങ്ങളെ സംബന്ധിച്ച ബോധവല്‍ക്കരണം, പരിശോധന, പകര്‍ച്ചവ്യാധികളെ സംബന്ധിച്ച ക്ലാസുകള്‍, വിമുക്തി ക്ലാസുകള്‍, പൊതുജനാരോഗ്യ മേഖലയില്‍ കുടുംബശ്രീ, ഐ. സി. ഡി. എസ് പ്രവര്‍ത്തകര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രദര്‍ശനം, പോഷകാഹാരസ്റ്റാള്‍, പ്രതിരോധ കുത്തിവയ്പുകള്‍, കോവിഡ് വാക്സിനേഷന്‍, അഡോളസെന്റ് കൗണ്‍സിലിംഗ്, എന്നിവ ഉള്‍പ്പെടുത്തി അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി വകുപ്പുകളുടെ മേല്‍നോട്ടത്തിലാണ്ആരോഗ്യമേള സംഘടിപ്പിച്ചത്. അതോടൊപ്പം വൈവിധ്യമാര്‍ന്ന ബോധവത്കരണ കലാപരിപാടികളും ഒരുക്കിയിരുന്നു. സെന്റ് വിന്‍സെന്റ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, കഠിനംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത അനി, ആരോഗ്യ പ്രവര്‍ത്തകര്‍, തൃതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരും പങ്കാളികളായി.