വെള്ളമുണ്ട, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന എബിസിഡി ക്യാമ്പില്‍ 14364 സേവനങ്ങള്‍ നല്‍കി. വെള്ളമുണ്ടയില്‍ 3096 പേര്‍ക്കായി 7202 സേവനങ്ങളും, പുല്‍പ്പള്ളിയില്‍ 7162 സേവനങ്ങളുമാണ് നല്‍കിയത്. ഗോത്രവര്‍ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ക്യാമ്പുകളില്‍ പൊതുവിതരണ വകുപ്പ്, റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ്, ആരോഗ്യ ഇന്‍ഷുറന്‍സ്, പഞ്ചായത്ത്, ബാങ്ക്, ട്രൈബല്‍ വകുപ്പ് എന്നിവ പ്രത്യേകം കൗണ്ടറുകള്‍ ഒരുക്കിയിരുന്നു.

വെളളമുണ്ട, പുല്‍പ്പള്ളി എ.ബി.സി.ഡി ക്യാമ്പുകളുടെ സമാപന സമ്മേളനം ജില്ലാ കലക്ടര്‍ എ.ഗീത ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ.ദേവകി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടര്‍ പി. ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജാ കൃഷ്ണന്‍, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ വിജയന്‍, പുല്‍പ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശോഭന സുകു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, തഹസില്‍ദാര്‍ വി.കെ. ഷാജി, പഞ്ചായത്ത് സെക്രട്ടറി വി.ഡി തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.