അക്കാഡമിക്കായും സിലബസുവച്ചും ഫിലിം സ്‌കൂളുകളിൽ പഠിക്കേണ്ടതല്ല സിനിമാ നിർമ്മാണമെന്ന്  ഹംഗേറിയൻ ചലച്ചിത്ര പ്രതിഭ ബേലാ താർ. അധികാരമുണ്ടായിരുന്നെങ്കിൽ താൻ ലോകമെങ്ങുമുള്ള ഫിലിം സ്കൂളുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ചിത്രീകരണ സമയത്ത് ക്യാമറയിൽ നടക്കേണ്ട പ്രക്രിയയാണ് എഡിറ്റിംഗ്. അത് സ്വാഭാവികമായി നടക്കേണ്ടതാണന്നും രാജ്യാന്തര മേളയുടെ ഭാഗമായി നടന്ന അരവിന്ദൻ അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

തിരക്കഥകൾ സിനിമയിൽ നിന്നും വേറിട്ട ഭാഷയാണ്. ചിത്രീകരണ സമയത്ത്  അത്  ഉപയോഗ ശൂന്യമാകുന്ന പേപ്പർ മാത്രമാണ്. സിനിമ സംവിധായകന്റെ കലയാണെന്നും ഒരു ഫ്രെയിം കണ്ടാൽ തന്നെ അതിന്റെ സംവിധായകനെ തിരിച്ചറിയാനാകണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ രാജ്യാന്തരമേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ജേതാവായ ബേലാ താറിനെക്കുറിച്ച് സി എസ് വെങ്കിടേശ്വരൻ രചിച്ച കാലത്തിന്റെ ഇരുൾഭൂപടങ്ങൾ എന്ന പുസ്തകം മന്ത്രി പി രാജീവ് ബേലാ താറിന് നൽകി പ്രകാശിപ്പിച്ചു.അക്കാദമി ചെയർമാൻ രഞ്ജിത്ത്, സെക്രട്ടറി സി അജോയ്, ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ സി എസ് വെങ്കിടേശ്വരൻ തുടങ്ങിയവർ പങ്കെടുത്തു.ബേലാ താറിനെക്കുറിച്ച് ഇന്ത്യൻ ഭാഷയിൽ പുറത്തിറങ്ങുന്ന ആദ്യ പുസ്തകമാണ് ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന കാലത്തിന്റെ ഇരുൾഭൂപടങ്ങൾ.