കുടുംബശ്രീ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരും ജീവനക്കാരും ക്ഷേമനിധി പദ്ധതിയില്‍. സംസ്ഥാനത്ത് ആദ്യമായി മലപ്പുറത്താണ് ജനകീയ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ക്ഷേമനിധി അംഗത്വം നല്‍കുന്നത്. പീടികത്തൊഴിലാളി ക്ഷേമിനിധിയുടെ കീഴിലാണ് ജീവനക്കാരെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ക്ഷേമനിധി ജില്ല എക്സിക്യൂട്ടീവ് ഓഫീസര്‍ എം റെനീഷിന് അപേക്ഷ കൈമാറി കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ജാഫര്‍ എം കക്കൂത്ത് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്യാലക്സി കണ്‍സോര്‍ഷ്യം പ്രസിഡന്റ് പി.സി റംല പങ്കെടുത്തു.

കുടുംബശ്രീ ജില്ലാ മിഷനും ജനകീയ ഹോട്ടല്‍ സംരംഭകരുടെ കണ്‍സോര്‍ഷ്യമായ ഗാലക്‌സിയും ചേര്‍ന്നാണ് ക്ഷേമനിധിയില്‍ അംഗങ്ങളാക്കുന്നതിന് നേതൃത്വം നല്‍കുന്നത്. സംരംഭകരെയും തൊഴിലാളികളെയും ഭാഗമാക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ജനകീയ ഹോട്ടലുള്ളത് മലപ്പുറത്താണ്, 140 എണ്ണം. സംരംഭകരും തൊഴിലാളികളുമായി 556 പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ആദ്യ ഘട്ടത്തില്‍ 100 പേരാണ് ക്ഷേമനിധിയില്‍ അംഗങ്ങളായത്. മുഴുവന്‍ പേരെയും അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്.

ക്ഷേമനിധി അംഗമായാല്‍

60 വയസുകഴിഞ്ഞാല്‍ പെന്‍ഷന്‍, പെണ്‍മക്കളുടെയും അംഗത്തിന്റെയും വിവാഹത്തിന് ധനസഹായം, അംഗങ്ങളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്, അംഗങ്ങള്‍ക്ക് പ്രസവാനുകൂല്യം, ഗര്‍ഭം അലസലിന് ധനസഹായം, കുടുംബത്തിന് ചികിത്സാസഹായം തുടങ്ങി നിരവധി ആനുകൂല്യങ്ങള്‍ ലഭ്യമാകും. അംഗങ്ങളുടെ മക്കളില്‍ ഉയര്‍ന്ന വിജയം നേടിയവര്‍ക്ക് ക്യാഷ് അവാര്‍ഡ്, ചികിത്സാ സഹായം, മരണാനന്തര സഹായം എന്നിവയും ലഭിക്കും.

അസി. ലേബര്‍ ഓഫീസുകള്‍, ക്ഷേമിനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. രണ്ട് കോപി പാസ്പോര്‍ട് സൈസ് ഫോട്ടോ, ജനനതീയതി തെളിയിക്കുന്ന രേഖ എന്നിവ സഹിതം അപേക്ഷിക്കണം. തൊഴിലാളി വിഹിതമായി 50 രൂപയും തൊഴിലുടമ വിഹിതമായി 50 രൂപയും ചേര്‍ത്ത് മാസത്തില്‍ 100 രൂപയാണ് അംശദായം നല്‍കേണ്ടത്. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ 100 രൂപ വിഹിതമായി നല്‍കണം.